സംസ്ഥാനം 40,000 കോടി രൂപ കടത്തില്‍; ഉദ്യോസ്ഥര്‍ക്കുവേണ്ടി തെലങ്കാന വാങ്ങിയത് 32 ആഡംബര കാറുകള്‍

Update: 2021-06-14 03:04 GMT

ഹൈദരാബാദ്: മഹാമാരിക്കാലത്ത് തെലങ്കാനയിലെ അഡി. ജില്ലാ കലക്ടര്‍മാര്‍ക്ക് സന്തോഷിക്കാന്‍ വകയുണ്ട്. ഓരോന്നിനും മുപ്പത് ലക്ഷത്തോളം രൂപ വിലവരുന്ന ആഡംബര കാറുകളാണ് സംസ്ഥാനത്തെ 32 അഡീഷണല്‍ ജില്ലാ കലക്ടര്‍മാക്കായി തെലങ്കാന വാങ്ങിയത്. കൊവിഡ് വ്യാപനം രൂക്ഷമാവുകയും 40,000 കോടി രൂപ കടം വരുത്തിവയ്ക്കുകയും ചെയ്ത സമയത്താണ് ഈ ദൂര്‍ത്തെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു.

തെലങ്കാന ഗതാഗത മന്ത്രി പുവ്വാട അജയ് കുമാര്‍ കാറുകള്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു വാഹനങ്ങള്‍ പരിശോധിച്ചു. 

ഈ സമയത്ത് ആഡംബര കാറുകള്‍ വാങ്ങുന്നത് കുറ്റകരമായ ധൂര്‍ത്താണെന്ന് ബിജെപി വിമര്‍ശിച്ചു. ഈ സമയത്ത് എങ്ങനെ 32 കാറുകള്‍ക്കായി 11 കോടി രൂപ ചെലവഴിക്കാന്‍ കഴിയുന്നതെന്ന് ബിജെപി വക്താവ് കൃഷ്ണ സാഗര്‍ റാവു പറഞ്ഞു.

മഹാമാരിയില്‍ എല്ലാ നഷ്ടപ്പെട്ടു നില്‍ക്കുന്ന ഈ സമയത്ത് ആഡംബര കാറുകള്‍ക്കുവേണ്ടി പണം മുടക്കുന്നത് അവിശ്വസനീയമാണെന്നും അതില്‍ നിന്ന് പിന്‍മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോണ്‍ഗ്രസും മുഖ്യമന്ത്രിയുടെ നീക്കത്തെ വിമര്‍ശിച്ചു. മിച്ചസംസ്ഥാനമായ തെലങ്കാനയെ കടക്കെണിയിലാക്കിയ ചന്ദ്രശേഖര റാവുവിന്റെ നടപടി ദൗര്‍ഭാഗ്യകരമാണെന്ന് കോണ്‍ഗ്രസ് നേതാവ് ഡി ശ്രാവണ്‍ കുമാര്‍ പറഞ്ഞു.

Tags:    

Similar News