ഹൈഡ്രോഗ്രഫിക് സര്‍വേ വിഭാഗത്തിന് അത്യാധുനിക അണ്ടര്‍വാട്ടര്‍ ഡ്രോണ്‍ കാമറ

Update: 2021-11-18 08:46 GMT

തിരുവനന്തപുരം: ഹൈഡ്രോഗ്രഫിക് സര്‍വേ വിഭാഗത്തിന്റെ അത്യാധുനിക അണ്ടര്‍വാട്ടര്‍ ഡ്രോണ്‍ കാമറ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ കമ്മിഷന്‍ ചെയ്തു. റോബോട്ടിക് സംവിധാനം ഉപയോഗിച്ച് കടലിന്റേയും ഡാമുകളുടേയും അടിത്തട്ടില്‍ പരിശോധന നടത്തുന്നതിനു സഹായിക്കുന്ന ഉപകരണമാണിത്.

ഹൈഡ്രോഗ്രഫിക് സര്‍വെ വിഭാഗത്തെ ആധുനികവത്ക്കരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണു പുതിയ അണ്ടര്‍ വാട്ടര്‍ ഡ്രോണ്‍ ക്യാമറ ലഭ്യമാക്കുന്നതെന്ന് ഉദ്ഘാടനച്ചടങ്ങില്‍ മന്ത്രി പറഞ്ഞു. കാലാവസ്ഥാ വ്യതിയാനംപോലുള്ള വിപത്തുകള്‍ നേരിടുന്നതിനായി ശാസ്ത്ര സാങ്കേതിക വിദ്യകളുടെ സഹായത്തോടെയുള്ള പര്യവേഷണങ്ങളും പഠനങ്ങളും നടത്താന്‍ വകുപ്പിനെ സജ്ജമാക്കും. 

പുതുതായി പുറത്തിറക്കിയ അണ്ടര്‍ വാട്ടര്‍ ഡ്രോണ്‍ ക്യാമറയുടെ പ്രയോജനം സംസ്ഥാനമെമ്പാടും ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. കൊച്ചിയിലെ ഇവൈഇ റോവ് എന്ന സ്റ്റാര്‍ട്ട് അപ്പ് കമ്പനിയാണ് ഹൈഡ്രോഗ്രഫിക് സര്‍വേ വിഭാഗത്തിനായി അണ്ടര്‍ വാട്ടര്‍ ക്യാമറ നിര്‍മിച്ചു നല്‍കിയത്. വെള്ളായണി കായല്‍ക്കരയില്‍ നടന്ന ചടങ്ങില്‍ ചീഫ് ഹൈഡ്രോളജിസ്റ്റ് ജിറോഷ് കുമാര്‍, അഡ്മിനിസ്‌ട്രേറ്റിവ് അസിസ്റ്റന്റ് എന്‍.കെ. ഷാജി തുടങ്ങിയവരും പങ്കെടുത്തു.

Tags: