സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്; യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു

Update: 2026-03-27 05:45 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കനത്ത ചൂട് മുന്നറിയിപ്പ് പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളില്‍ താപനില സാധാരണയെക്കാള്‍ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും തിരുവനന്തപുരം, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ചൂട് രേഖപ്പെടുത്താന്‍ സാധ്യതയുണ്ട്.

ഉയര്‍ന്ന താപനിലയ്‌ക്കൊപ്പം ഈര്‍പ്പമുള്ള വായുവും നിലനില്‍ക്കുന്നതിനാല്‍ മലയോര മേഖലകള്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ കടുത്ത ചൂടും അസ്വസ്ഥതയും അനുഭവപ്പെടും. ഇത് സൂര്യാഘാതം, നിര്‍ജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകാനിടയുള്ളതിനാല്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

പ്രധാന നിര്‍ദേശങ്ങള്‍:

പകല്‍ 11 മുതല്‍ മൂന്നു വരെ നേരിട്ട് സൂര്യപ്രകാശം ഒഴിവാക്കുക

ദാഹമില്ലെങ്കിലും കൂടുതല്‍ വെള്ളം കുടിക്കുക

ലളിതവും ഇളം നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുക

കുട്ടികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്ക് പ്രത്യേക സംരക്ഷണം നല്‍കുക

അതേസമയം, കാട്ടുതീ, തീപിടുത്ത സാധ്യതകള്‍ കൂടുന്നതിനാല്‍ വനമേഖലകളോട് ചേര്‍ന്ന പ്രദേശങ്ങളിലും നഗരങ്ങളിലും കൂടുതല്‍ ജാഗ്രത നിര്‍ദേശിച്ചിട്ടുണ്ട്. പൊതുപരിപാടികള്‍ ഉച്ച സമയത്ത് ഒഴിവാക്കാനും തൊഴിലാളികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും സമയം ക്രമീകരിക്കാനും അധികൃതര്‍ നിര്‍ദേശം നല്‍കി. അസ്വസ്ഥത അനുഭവപ്പെട്ടാല്‍ ഉടന്‍ വിശ്രമിക്കുകയും വൈദ്യസഹായം തേടണമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.

Tags: