വിഴിഞ്ഞത്ത് സമരം ചെയ്യുന്ന മല്‍സ്യത്തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങള്‍ പരിഹരിയ്ക്കണം: സാംസ്‌കാരിക ജനാധിപത്യ വേദി

വിഴിഞ്ഞം തീരത്തോട് ചേര്‍ന്ന് ബോട്ട് തകര്‍ന്ന് 60 മല്‍സ്യത്തൊഴിലാളികളാണ് ഈ അടുത്ത് ദാരുണമായി മരിച്ചത്

Update: 2022-09-03 12:13 GMT

തിരുവനന്തപുരം: വിഴിഞ്ഞത്ത് സമരം ചെയ്യുന്ന മല്‍സ്യത്തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അടിയന്തിരമായി പരിഹരിക്കണമെന്ന് സാംസ്‌കാരിക ജനാധിപത്യ വേദി സംസ്ഥാന പ്രസിഡന്റ് മാരായമുട്ടം രാജേഷ് വാര്‍ത്താക്കുറുപ്പില്‍ ആവശ്യപ്പെട്ടു. സ്വകാര്യ കുത്തകള്‍ക്ക് കോടികള്‍ കൊയ്യാന്‍ തീരം വിട്ടുകൊടുക്കണോ അതോ മല്‍സ്യത്തൊഴിലാളികളുടെ ഉപജീവനവും തീരവും സംരക്ഷിക്കപ്പെടണോ എന്ന ചോദ്യമാണ് വിഴിഞ്ഞം സമരം ഉയര്‍ത്തുന്നത്. ലോകത്തെ മൂന്നാമത്തെ കോടീശ്വരനായ അദാനിയുടെ കൂടെയാണ് ഇടതുസര്‍ക്കാരെന്ന് ഏതാണ്ട് വ്യക്തമായിക്കഴിഞ്ഞു.

ഏഷ്യയില്‍ തന്നെ ഏറ്റവുമധികം മല്‍സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണ് കരുംകുളം പഞ്ചായത്ത്. അതുകഴിഞ്ഞാല്‍ പൂന്തുറ-ബീമാപള്ളി പ്രദേശത്താണ് ഏറ്റവും കൂടുതല്‍ മല്‍സ്യത്തൊഴിലാളികള്‍ താമസിക്കുന്നത്. ജില്ലയില്‍ ഏതാണ്ട് 182,875 മല്‍സ്യത്തൊഴിലാളികളുണ്ടെന്നാണ് കണക്ക്.

7525 കോടി രൂപയാണ് വിഴിഞ്ഞം പദ്ധതി തുക. ഇതില്‍ 75 ശതമാനം മുതല്‍മുടക്കുന്നതും സംസ്ഥാന സര്‍ക്കാരാണ്. സംസ്ഥാനത്തിന് 20 വര്‍ഷം കഴിയുമ്പോള്‍ വരുമാനത്തിന്റെ ഒരു ശതമാനം ലാഭം കിട്ടും. അതായത്, 11.71 കോടി രൂപ. ഇതിന്റെ 40 ശതമാനം വിജിഎഫിന് കേന്ദ്രം മുടക്കിയ പണത്തിന് തിരിച്ചടവായി നല്‍കണം. കേരള സര്‍ക്കാരിന് കിട്ടുന്നത് 6.95 കോടി രൂപ. പദ്ധതി തുക നല്‍കുന്നതിന് പുറമെ ഏതാണ്ട് 350 ഏക്കര്‍ കരഭൂമിയും കടലില്‍ നിന്ന് 130 ഏക്കറും അദാനിക്ക് സംസ്ഥാന സര്‍ക്കാര്‍ കൈമാറുന്നുണ്ട്. വിഴിഞ്ഞം പദ്ധതി ദീര്‍ഘകാലാടിസ്ഥാനത്തില്‍ സംസ്ഥാനത്തിന് ലാഭകരമല്ലെങ്കില്‍ സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കണം.

2018ല്‍ കമ്മിഷന്‍ ചെയ്യുമെന്ന് പറഞ്ഞ പോര്‍ട്ട് 2022ലും 30 ശതമാനം പണി മാത്രമേ പൂര്‍ത്തിയായിട്ടുള്ളൂ. സര്‍ക്കാരുമായുണ്ടാക്കിയ കരാര്‍പ്രകാരം നിര്‍മാണകാലം കഴിയുന്ന ഓരോ ദിവസത്തിനും 12 ലക്ഷം രൂപ നഷ്ടപരിഹാരം സംസ്ഥാന സര്‍ക്കാരിന് നല്‍കണമെന്നാണ് വ്യവസ്ഥ. എന്നാല്‍, ഇക്കാര്യം എന്തുകൊണ്ടാണ് കമ്പനിയോട് സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ ആവശ്യപ്പെടാത്തത്.

പോര്‍ട്ടിന് പുറമെ വന്‍കിട ടൂറിസം പദ്ധതിയും അദാനിയുടെ ലക്ഷ്യമാണ്. 30 ശതമാനം ഭൂമി പദ്ധതിയേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാമെന്ന് സര്‍ക്കാരുമായുണ്ടാക്കിയ കരാറില്‍ പറയുന്നുണ്ട്. ഭീമന്‍ ചരക്ക് കപ്പല്‍ നങ്കൂരമിടാന്‍ പാകത്തില്‍ നിര്‍മിക്കുന്ന തുറമുഖത്തിന് ചുറ്റിലുമായി എത്ര കിലോമീറ്റര്‍ മല്‍സ്യബന്ധനത്തിന് നിരോധനമുണ്ടാകുമെന്ന് ഇതുവരെ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.

ഒരു ബക്കറ്റ് വെള്ളത്തിലേക്ക് ഒരു ബക്കറ്റ് കല്ലിട്ടാല്‍ എന്താണ് സംഭവിക്കുക എന്ന് ഊഹിക്കാവുന്നതേ ഉള്ളൂ. അതാണ് ഇപ്പോള്‍ തീരത്ത് സംഭവിച്ച് കൊണ്ടിരിക്കുന്നത്. വലിയ തുറ, ബീമാപള്ളി, ശംഖുമുഖം, പൂന്തുറ, ഭാഗങ്ങളില്‍ വന്‍തോതില്‍ തീരം കടലെടുത്തുകഴിഞ്ഞു. 500 ഓളം വീടുകളാണ് ഈ കാലയളവില്‍ കടലെടുത്തത്.

ഈ അടുത്ത് വിഴിഞ്ഞം തീരത്തോട് ചേര്‍ന്ന് ബോട്ട് തകര്‍ന്ന് 60 മല്‍സ്യത്തൊഴിലാളികളാണ് ദാരുണമായി മരിച്ചത്. കടല്‍ തുരന്നും നികത്തിയുമുള്ള അശാസ്ത്രീയ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ഈ അപകടമരണത്തിന് കാരണം. 2018ലെ ഓഖി മുതല്‍ വീട് നഷ്ടപ്പെട്ട വലിയൊരു വിഭാഗത്തിന് ഇതുവരെ വീടോ നഷ്ടപരിഹാരമോ ലഭ്യമാക്കിയിട്ടില്ല.

തീരത്ത് വലയും മല്‍സ്യബന്ധന സാധനങ്ങളുമായി കഴിയുന്ന മല്‍സ്യത്തൊഴിലാളികളെ തീരത്ത് നിന്ന് അകലെ ഫ്‌ലാറ്റിലേക്ക് മാറ്റുന്നത് അവരുടെ ഉപജീവനത്തെ തന്നെ സാരമായി ബാധിക്കും. ദേശീയ പാത വികസനത്തിന്റെ ഭാഗമായി സ്ഥാവര ജംഗമ വസ്തുക്കള്‍ നഷ്ടപ്പെട്ടവര്‍ക്കായി ലക്ഷങ്ങളാണ് സര്‍ക്കാര്‍ നല്‍കുന്നത്. നൂറുകണക്കിന് പേര്‍ വന്നുപോയിരുന്ന ശംഖുമുഖം ബീച്ച് ഇന്ന് ഇല്ല. കടല്‍ കയറ്റത്താല്‍ പൂര്‍ണമായി തകര്‍ന്നിരിക്കുകയാണ്. അദാനി പോര്‍ട്ടിന്റെ വെറും 30 ശതമാനം പണി പൂര്‍ത്തിയായപ്പോഴാണ് ഈ അവസ്ഥ.

അതിജീവനത്തിനായി കഴിഞ്ഞ 19 ദിവസമായി വിഴിഞ്ഞത്ത് രാപ്പകല്‍ ഉപരോധം നടത്തുന്ന മല്‍സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങളോട് കേരളത്തിലെ എഴുത്തുകാരും പൗരാവകാശപ്രവര്‍ത്തകരും ബുദ്ധിജീവികളും പുലര്‍ത്തുന്നത് കുറ്റകരമായ മൗനമാണ്. മല്‍സ്യത്തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കണം. എത്രയും പെട്ടന്ന് മുഖ്യമന്ത്രി സമരക്കാരുമായി ചര്‍ച്ച ചെയ്ത് മല്‍സ്യത്തൊഴിലാളികളുടെ ഉപജീവനമാര്‍ഗത്തിന് പ്രഥമ പരിഗണ നല്‍കി സമരം അവസാനിപ്പിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് സാംസ്‌കാരിക ജനാധിപത്യ വേദി സംസ്ഥാന പ്രസിഡന്റ് മാരായമുട്ടം രാജേഷ് ആവശ്യപ്പെട്ടു. 

Tags:    

Similar News