വര്‍ധിക്കുന്ന റോഡപകടങ്ങള്‍: സര്‍ക്കാര്‍ റോഡ് സുരക്ഷാ ഓഡിറ്റ് നടത്തണമെന്ന് പി അബ്ദുല്‍ ഹമീദ്

റോഡിലുണ്ടാകുന്ന അപകടങ്ങള്‍ മനുഷ്യനിര്‍മിത ദുരന്തങ്ങളാണെന്ന ഹൈക്കോടതിയുടെ നിരീക്ഷണം സര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കണം

Update: 2022-08-08 14:19 GMT

തിരുവനന്തപുരം: കേരളത്തിലെ പൊതുനിരത്തുകളില്‍ റോഡിലെ അപാകതകള്‍ മൂലമുണ്ടാകുന്ന തുടര്‍ച്ചയായ അപകടങ്ങളുടെ പശ്ചാത്തലത്തില്‍ അടിയന്തരമായി റോഡ് സുരക്ഷ ഓഡിറ്റ് നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്. റോഡിലുണ്ടാകുന്ന അപകടങ്ങള്‍ മനുഷ്യനിര്‍മിത ദുരന്തങ്ങളാണെന്ന ഹൈക്കോടതിയുടെ നിരീക്ഷണം സര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കണം. ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയില്‍ നെടുമ്പാശേരിയില്‍ രണ്ടടിയോഴം ആഴമുള്ള കുഴിയില്‍ വീണു ബൈക്ക് യാത്രക്കാരന്‍ കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. ഈ വര്‍ഷം മാത്രം ഏഴുപേര്‍ക്കാണ് ഇത്തരത്തില്‍ ജീവന്‍ നഷ്ടപ്പെട്ടിരിക്കുന്നത്. ഓരോ വര്‍ഷവും നൂറുകണക്കിനാളുകളാണ് റോഡിലെ അപാകതകള്‍ മൂലം അപകടത്തില്‍പെടുന്നത്. പാതകളില്‍ രൂപപ്പെടുന്ന കുഴികള്‍ മൂലം ജനങ്ങളുടെ ജീവന്‍ നഷ്ടപ്പെടുന്ന സാഹചര്യം ഭയാനകമാണ്. അറ്റകുറ്റപ്പണികള്‍ യഥാസമയം കരാറുകാരെക്കൊണ്ട് പൂര്‍ത്തിയാക്കുന്നതില്‍ സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവം പ്രതിഷേധാര്‍ഹമാണ്. സഞ്ചാരയോഗ്യമായ റോഡ് ജനങ്ങളുടെ അവകാശമാണെന്നിരിക്കെ, വീഴ്ച വരുത്തുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുന്നത് ജനദ്രോഹമാണ്.

കോടിക്കണക്കിന് രൂപയാണ് മോട്ടോര്‍ വാഹന നിയമപ്രകാരം പിഴയായി ജനങ്ങളില്‍ നിന്ന് ഈടാക്കുന്നത്. ജനങ്ങളില്‍ നിന്ന് പിഴ ഈടാക്കാനുള്ള താല്‍പര്യം യാത്രക്കാര്‍ക്ക് സുരക്ഷയൊരുക്കുന്നതില്‍ സര്‍ക്കാര്‍ കാണിക്കുന്നില്ല. റോഡിലെ കുഴികള്‍ യഥാസമയം മൂടുന്നതില്‍ ഉത്തരവാദപ്പെട്ടവര്‍ കാണിക്കുന്ന അനാസ്ഥയെ ഗൗരവത്തിലെടുക്കണം. സര്‍ക്കാരിനും പൊതുമരാമത്ത് വകുപ്പിനും കരാറുകാരുടെ മേല്‍ യാതൊരു നിയന്ത്രണവുമില്ലാതായിരിക്കുന്നു. മേലില്‍ റോഡിലെ അപാതകത മൂലം ഒരു ജീവനും പൊലിയാതിരിക്കാന്‍ സര്‍ക്കാര്‍ ജാഗ്രത പാലിക്കണമെന്നും പി അബ്ദുല്‍ ഹമീദ് ഓര്‍മപ്പെടുത്തി. 

Tags: