പ്രതിപക്ഷ ആരോപണങ്ങള്‍ ശരിവെച്ച് സര്‍ക്കാര്‍: ആഴക്കടല്‍ മല്‍സ്യബന്ധന കരാര്‍ സര്‍ക്കാര്‍ പുനപരിശോധിക്കും; ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയുണ്ടായേക്കും
തിരുവനന്തപുരം: വിവാദമായ അമേരിക്കന്‍ കമ്പനി ഇഎംസിസി ആഴക്കടല്‍ മല്‍സ്യബന്ധന കരാര്‍ സംസ്ഥാന സര്‍ക്കാര്‍ പുനപരിശോധിക്കുന്നു. കരാറുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി ഉണ്ടായേക്കുമെന്നും സൂചനയുണ്ട്. അതുപോലെ, സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായ നിര്‍ദ്ദേശങ്ങളുണ്ടെങ്കില്‍ അവ തിരുത്തുമെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
പ്രതിപക്ഷം കരാറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്ത് വിട്ടതോടെയാണ് സര്‍ക്കാരിന് തിടുക്കത്തില്‍ നടപടിയെടുക്കേണ്ടിവന്നത്. ഇന്നലെ മുഖ്യമന്ത്രി കരാറിനെ പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കൂടുതല്‍ വിവരങ്ങള്‍ ഇന്ന് പുറത്ത് വിട്ടതോടെ സര്‍ക്കാര്‍ പ്രധിരോധത്തിലാവുകയായിരുന്നു.