ശ്രീ എമ്മിന്റെ സത്‌സങ് ഫൗണ്ടേഷന് തിരുവനന്തപുരത്ത് നാലു ഏക്കര്‍ ഭൂമി അനുവദിച്ച് ഉത്തരവിറങ്ങി

ആര്‍എസ്എസ്-സിപിഎം ചര്‍ച്ചയ്ക്ക് ഇടനിലക്കാരാനായി പ്രവര്‍ത്തിച്ചതിനുള്ള പ്രതിഫലമെന്ന്

Update: 2021-03-04 10:19 GMT

തിരുവനന്തപുരം: വിവാദ ആര്‍എസ്എസ്-സിപിഎം ഇടനിലക്കാരന്‍ ശ്രീ എമ്മിന് തിരുവനന്തപുരം കോര്‍പറേഷന്‍ പരിധിയിലെ ചെറുവയ്ക്കല്‍ വില്ലേജില്‍ നാലു ഏക്കര്‍ ഭൂമി അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. 15 ഏക്കറായിരുന്നു സത്‌സങ് ഫൗണ്ടേഷന് യോഗ കേന്ദ്രം ആരംഭിക്കുന്നതിനായി സംസ്ഥാന സര്‍ക്കാരിനോട് ആവിശ്യപ്പെട്ടിരുന്നത്. 17.5 കോടി രൂപ മതിപ്പു വില വരുന്ന ഭൂമിയാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. 10വര്‍ഷത്തേയ്ക്ക് പാട്ടത്തിനാണ് ഭൂമി നല്‍കുന്നത്.

കമ്പോളവിലയുടെ രണ്ട് ശതമാനം പാട്ടത്തുകയ്ക്കാണ് 10 വര്‍ഷത്തേക്ക് ഭൂമി അനുവദിച്ചത്. പ്രതിവര്‍ഷ പാട്ടത്തുക 34,96853 രൂപയാണെന്നും ഉത്തരവില്‍ പറയുന്നു.

കഴിഞ്ഞമാസം 16നായിരുന്നു ജില്ല കലക്ടര്‍ സത്‌സങ് ഫൗണ്ടേഷന്റെ അപേക്ഷ സംസ്ഥാന സര്‍ക്കാരിന് കൈമാറുന്നത്. 24ന് മന്ത്രിസഭാ യോഗം ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുത്തു ഭൂമി നല്‍കാന്‍ തീരുമാനിച്ചു. 26ന് ഭൂമി അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഇത്തരത്തില്‍ അതി വേഗതയിലാണ് സര്‍ക്കാര്‍ ശ്രീ എമ്മിന് ഭൂമി അനുവദിച്ച് ഉത്തരവായിരിക്കുന്നത്.

ആന്ധ്രാപ്രദേശിലെ മദനപ്പള്ളിയില്‍ സത് സങ് ഫൗണ്ടേഷന്റെ കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന് പുറമെ ബംഗളുരുവിലും ഡല്‍ഹിയിലും സത് സങ് ഫൗണ്ടേഷന് പ്രത്യേകം യോഗ കേന്ദ്രങ്ങളുണ്ട്.

ആര്‍എസ്എസ്-സിപിഎം ചര്‍ച്ചയ്ക്ക് ഇടനിലക്കാരാനായി പ്രവര്‍ത്തിച്ചതിനുള്ള പ്രതിഫലമായാണ് ശ്രീ എമ്മിന് നഗരത്തിലെ കോടികള്‍ വിലമതിക്കുന്ന ഭൂമി സര്‍ക്കാര്‍ പതിച്ച് നല്‍കിയതെന്ന് ആക്ഷേപമുണ്ട്.

Tags:    

Similar News