ആഴക്കടല്‍ മല്‍സ്യ ബന്ധന കരാര്‍; സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍; സംസ്ഥാന മല്‍സ്യബന്ധന നയം തിരുത്തിയത് അമേരിക്കന്‍ കമ്പനിയ്ക്ക് വേണ്ടിയെന്ന്
രാഹുല്‍ ഗാന്ധി 24ന് കൊല്ലത്ത്; കരാര്‍ പ്രകാരം 5000 കോടിയുടെ പദ്ധതി
തിരുവനന്തപുരം: ആഴക്കടല്‍ മല്‍സ്യബന്ധനത്തിനായി അമേരിക്കന്‍ കമ്പനിയായ ഇഎംസിസിയുമായി സംസ്ഥാന സര്‍ക്കാരുണ്ടാക്കിയ കരാര്‍ വിവാദത്തില്‍. പുറംകടലില്‍ മല്‍സ്യബന്ധനത്തില്‍ വിദേശകമ്പനികളെ അനുവദിക്കുന്നതിലൂടെ തദ്ദേശീയരായ മല്‍സ്യത്തൊഴിലാളികളുടെ ജീവിതം ദുഷ്‌കരമാവും. നേരത്തെ കേന്ദ്രസര്‍ക്കാരിന്റെ കോര്‍പറേറ്റുകള്‍ക്ക് തീരം തീറെഴുതികൊടുക്കുന്ന കരാറിനെതിരേ മല്‍സ്യത്തൊഴിലാളികള്‍ രംഗത്തെത്തിയിരുന്നു.
2018 ഏപ്രിലില്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ, ന്യൂയോര്‍ക്ക് സന്ദര്‍ശിച്ച വേളയിലാണ് അമേരിക്കന്‍ കമ്പനിയായ ഇഎംസിസിയുമായി കരാറൊപ്പിടുന്നത്. പിന്നീടു തുടര്‍ച്ചയായി പദ്ധിതിയുമായി ബന്ധപ്പെട്ട ഡീറ്റെയ്ഡ് കണ്‍സപ്റ്റ് നോട്ട് കൈമാറിയിരുന്നു. കെഎസ്‌ഐന്‍എസുമായാണ് അമേരിക്കന്‍ കമ്പനി ധാരണയാവുന്നത്. ധാരണപ്രകാരം പള്ളിപ്പുറം ഐടി പാര്‍ക്കിനോട് ചേര്‍ന്ന് നാല് ഏക്കല്‍ ഭൂമി നല്‍കാനും തീരുമാനിച്ചിരുന്നു. 400 ആഴക്കടല്‍, 5 ആഴക്കടല്‍ മല്‍സ്യബന്ധന കപ്പലുകള്‍, 7 മല്‍സ്യ ബന്ധന തുറമുഖങ്ങളും പദ്ധതിയുടെ ഭാഗമാണ്. അതിനിടെ, 2019ല്‍ മല്‍സ്യ ബന്ധന നയം സര്‍ക്കാര്‍ തിരുത്തിയതും അമേരിക്കന്‍ കമ്പനിയ്ക്ക് വേണ്ടിയാണെന്ന് തെളിയുന്നു.
ഒടുവില്‍ മന്ത്രിസഭയുടെ അന്തിമാനുമതി സംബന്ധിച്ചുള്ള ഘട്ടത്തിലാണ് പ്രതിപക്ഷ നേതാവ് പദ്ധതിയ്‌ക്കെതിരെ രംഗത്ത് വന്നത്. എന്നാല്‍ ആരോപണങ്ങളും നിഷേധിക്കുകയാണ് മന്ത്രി മെഴ്‌സിക്കുട്ടിയമ്മ ചെയ്തത്. അങ്ങനെ ഒരു ധാരണപത്രം ഒപ്പിട്ടിട്ടില്ല, ന്യൂയോര്‍ക്കില്‍ വച്ച് ഇഎംസിസി പ്രതിനിധിയുമായി സംസാരിച്ചിട്ടില്ല, പ്രതിപക്ഷ നേതാവ് അസംബന്ധം പറയുന്നു എന്നിങ്ങനെയാണ് മന്ത്രിയുടെ പരാമര്‍ശങ്ങള്‍.
ഈ മാസം 27ന് മല്‍സ്യത്തൊഴിലാളി സംഘടനകള്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. മല്‍സ്യത്തൊഴിലാളികളുടെ പ്രക്ഷോഭം ഇടതുസര്‍ക്കാരിന് പുതിയ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.
