ജോലിക്ക് ഹാജരാവത്തവരുടെ ശമ്പളം പിടിക്കും; കെഎസ്ആര്‍ടിസി പണിമുടക്ക് നേരിടാന്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍

ഡയസ്‌നോണ്‍ അല്ല വധശിക്ഷയ്ക്ക് വിധിച്ചാലും പണിമുടക്കുമായി മുന്നോട്ട് പോവുമെന്ന് ഐഎന്‍ടിയുസി യൂനിയന്‍ നേതാവ് ശശിധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Update: 2021-11-04 11:38 GMT

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ വിവിധ യൂനിയനുകള്‍ ഇന്ന് അര്‍ധരാത്രിയോടെ ആരംഭിക്കുന്ന പണിമുടക്ക് നേരിടാന്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍. നാളെയും മറ്റന്നാളും ജോലിക്ക് എത്താത്തവരുടെ ശമ്പളം പിടിക്കും. ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസിയിലെ അംഗീകൃത ട്രേഡ് യൂനിയനുകള്‍ ഇന്ന് അര്‍ദ്ധരാത്രി മുതലാണ് പണിമുടക്കുന്നത്.

ഭരണാനുകൂല സംഘടനയായ എംപ്‌ളോയീസ് അസോസിയേഷനും ബിഎംഎസിന്റെ എംപ്‌ളോയീസ് സംഘും ഇന്ന് അര്‍ദ്ധരാത്രി മുതല്‍ 24 മണിക്കൂര്‍ പണിമുടക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഐഎന്‍ടിയുസി നേതൃത്വത്തിലുള്ള ടിഡിഎഫ് 48 മണിക്കൂര്‍ പണിമുടക്കും.

ഭരണ പ്രതിപക്ഷ ട്രേഡ് യൂനിയനുകള്‍ പണിമുടക്കുന്നതോടെ കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ പൂര്‍ണമായി നിലയ്ക്കും. കെഎസ്ആര്‍ടിസിയിലെ ശമ്പള പരിഷ്‌കരണ കരാറിന്റെ കാലാവധി 2016 ഫെബ്രുവരിയില്‍ അവസാനിച്ചതാണ്. 5 വര്‍ഷം പിന്നിടുമ്പോഴും ശമ്പളപരിഷ്‌കരണം വാക്കിലൊതുങ്ങുകയാണെന്നാണ് അംഗീകൃത ട്രേഡ് യൂനിയനുകളുടെ വാദം. ജൂണില്‍ ശമ്പള പരിഷ്‌കരണം നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം പാഴായി. ഗതാഗതമന്ത്രിയുമായി നടത്തിയ ചര്‍ച്ച കൂടി പരാജയപ്പെട്ട സാഹചര്യത്തിലാണ് പണിമുടക്കിലേക്ക് നീങ്ങുന്നതെന്ന് ട്രേഡ് യൂനിയനുകള്‍ അറിയിച്ചു.

അതേസമയം, ഡയസ്‌നോണ്‍ അല്ല വധശിക്ഷയ്ക്ക് വിധിച്ചാലും പണിമുടക്കുമായി മുന്നോട്ട് പോവുമെന്ന് ഐഎന്‍ടിയുസി യൂനിയന്‍ നേതാവ് ശശിധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

എന്നാല്‍, ജീവനക്കാരുടെ ആവശ്യങ്ങള്‍ തള്ളിയിട്ടില്ലെന്ന് ഗതാഗതമന്ത്രി പറഞ്ഞു. ശമ്പള പരിഷ്‌കരണം സര്‍ക്കാരിന് പ്രതിമാസം 30 കോടിയോളം രൂപയുടെ അധിക ബാധ്യതയുണ്ടാക്കും. ധനമന്ത്രിയും മുഖ്യമന്ത്രിയുമായി ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സാവകാശം തേടിയപ്പോള്‍ സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തി പണിമുടക്ക് പ്രഖ്യാപിച്ചത് ശരിയല്ലെന്നും ഗതാഗത മന്ത്രി പറഞ്ഞു.


Tags: