ദുരന്തബാധിതരുടെ വായ്പ എഴുതിതള്ളേണ്ടത് സംസ്ഥാന സര്‍ക്കാര്‍; കേന്ദ്രത്തെ ന്യായീകരിച്ച് രാജീവ് ചന്ദ്രശേഖര്‍

Update: 2025-10-09 06:47 GMT

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ- ചൂരല്‍മല ദുരന്തബാധിതരുടെ വായ്പ എഴുതിതള്ളേണ്ടത് സംസ്ഥാന സര്‍ക്കാര്‍ ആണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ കേന്ദ്ര സര്‍ക്കാരിന് വായ്പ എഴുതിത്തള്ളാനാവില്ലെന്നും റിസര്‍വ് ബാങ്കിന് മാത്രമേ ഇതിന് അധികാരമുള്ളൂവെന്നും രാജീവ് ചന്ത്രശേഖര്‍ പറഞ്ഞു. വയനാട് ദുരന്തത്തില്‍ ആര്‍ക്കെങ്കിലും നഷ്ടങ്ങളുണ്ടായിട്ടുണ്ടെങ്കില്‍ അവര്‍ക്ക് സംസ്ഥാന സര്‍ക്കാരാണ് ആനുകൂല്യം കൊടുക്കേണ്ടതെന്നും രാജീവ് പറഞ്ഞു.

ബാങ്കുകളുടേത് ബോര്‍ഡുകളും ഓഹരി ഉടമകളുമെല്ലാമുള്ള സംവിധാനമാണ്. ഇക്കാര്യത്തിനായി ബാങ്കുകളെ നിര്‍ബന്ധിക്കാന്‍ കഴിയില്ല, ഇക്കാര്യം എല്ലാവരും മനസിലാക്കണം. വായ്പ എഴുതിത്തള്ളല്‍ പോലുള്ള നടപടികള്‍ എടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയാണ്.

അതേസമയം വയനാട് മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ ഹൈക്കോടതി ഇന്നലെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ കേരളത്തിലെ ജനങ്ങളെ വഞ്ചിച്ചെന്നും കേന്ദ്രത്തിന്റെ കാരുണ്യമില്ലാതെ സംസ്ഥാനസര്‍ക്കാരിന് മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍ , ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റ്യന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.

പ്രകൃതിദുരന്തങ്ങള്‍ ബാധിച്ച വ്യക്തികള്‍ക്ക് ബാങ്ക് വായ്പകള്‍ എഴുതിത്തള്ളാന്‍ നിയമപരമായ വ്യവസ്ഥയില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദത്തിന് മറുപടി പറയുകയായിരുന്നു ബെഞ്ച്. നിയമപരമായ സാങ്കേതിക വശങ്ങള്‍ക്ക് പിന്നില്‍ ഒളിക്കുന്നതിനുപകരം, കേന്ദ്രസര്‍ക്കാര്‍ ജനങ്ങളെ സഹായിക്കാന്‍ തയ്യാറല്ലെന്ന് പരസ്യമായി പറയാന്‍ കോടതി അഭിഭാഷകനോട് ആവശ്യപ്പെട്ടു.

2024 ലെ വെള്ളപ്പൊക്കത്തിന് അസമിനും ഗുജറാത്തിനും കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച വലിയ തുകകളുടെ വിശദാംശങ്ങള്‍ നല്‍കുന്ന പത്ര റിപോര്‍ട്ടുകള്‍ ഉദ്ധരിച്ച കോടതി കേരളത്തോട് ചിറ്റമ്മനയം കാണിക്കരുതെന്ന് വ്യക്തമാക്കി. കേരള സംസ്ഥാനത്തിന് കേന്ദ്ര സര്‍ക്കാരിന്റെ ഔദാര്യം ആവശ്യമില്ലെന്നും കോടതി ഭരണഘടനയെ ബഹുമാനിക്കുന്നുവെന്നും കോടതി വ്യക്തമാക്കി.

Tags: