ഗള്‍ഫ് എയറിന്റെ വിമാനങ്ങളില്‍ സ്റ്റാര്‍ലിങ്ക് ഹൈസ്പീഡ് ഇന്റര്‍നെറ്റ്; യാത്രക്കാര്‍ക്ക് സൗജന്യ സേവനം

Update: 2026-01-29 05:28 GMT

മനാമ: വിമാനയാത്രക്കിടയില്‍ ലോകവുമായി ബന്ധം വിച്ഛേദിക്കപ്പെടുമെന്ന ധാരണക്ക് വിരാമമിട്ട്, ലോകത്തിലെ ഏറ്റവും വേഗതയേറിയ സാറ്റ്‌ലൈറ്റ് ഇന്റര്‍നെറ്റ് സേവനമായ 'സ്റ്റാര്‍ലിങ്ക്' ബഹ്‌റയ്ന്‍ ദേശീയ വിമാനക്കമ്പനിയായ ഗള്‍ഫ് എയറിന്റെ വിമാനങ്ങളില്‍ ലഭ്യമാകുന്നു. യാത്രക്കാര്‍ക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്റര്‍നെറ്റ് സൗകര്യം ഒരുക്കുന്നതിനായി ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് കമ്പനിയുമായാണ് ഗള്‍ഫ് എയര്‍ ഒപ്പുവച്ചത്.

പല വിമാനക്കമ്പനികളും വിമാനത്തിനുള്ളിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് ഉയര്‍ന്ന നിരക്ക് ഈടാക്കുന്ന സാഹചര്യത്തില്‍, ഗള്‍ഫ് എയര്‍ ഈ സേവനം യാത്രക്കാര്‍ക്ക് പൂര്‍ണമായും സൗജന്യമായി നല്‍കുമെന്ന് അറിയിച്ചു. 35,000 അടി ഉയരത്തില്‍ പറക്കുമ്പോഴും വാട്ട്‌സ്ആപ്പ് സന്ദേശങ്ങള്‍ അയക്കാനും, സോഷ്യല്‍ മീഡിയ ഉള്ളടക്കങ്ങള്‍ കാണാനും, സിനിമകളും മറ്റ് ഓണ്‍ലൈന്‍ വിനോദങ്ങളും ആസ്വദിക്കാനും സാധിക്കുന്ന തരത്തിലാണ് ഹൈസ്പീഡ് ഇന്റര്‍നെറ്റ് സംവിധാനം ഒരുക്കുന്നത്.

ഈ വര്‍ഷത്തിന്റെ രണ്ടാം പകുതിയോടെ ഗള്‍ഫ് എയറിന്റെ എയര്‍ബസ് എ320 വിമാനങ്ങളിലാണ് സ്റ്റാര്‍ലിങ്ക് സേവനം ആദ്യഘട്ടമായി നടപ്പാക്കുക. തുടര്‍ന്നായി ബോയിംഗ് 787 ഡ്രീംലൈനര്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിമാനങ്ങളിലും ഈ ഹൈസ്പീഡ് ഇന്റര്‍നെറ്റ് സൗകര്യം വ്യാപിപ്പിക്കും. വിമാനങ്ങളില്‍ ഇന്റര്‍നെറ്റ് സൗകര്യം ആദ്യം എത്തിക്കുന്നതിലുള്ള മല്‍സരത്തിന്റെ ഭാഗമായി ഖത്തര്‍ എയര്‍വേയ്‌സ്, എമിറേറ്റ്‌സ്, ഫ്‌ളൈ ദുബയ് തുടങ്ങിയ വിമാനക്കമ്പനികള്‍ നേരത്തെ തന്നെ സ്റ്റാര്‍ലിങ്കുമായി കരാറിലേര്‍പ്പെട്ടിരുന്നു. ഇപ്പോള്‍ ഗള്‍ഫ് എയറും ഈ പട്ടികയില്‍ ഉള്‍പ്പെട്ടതോടെ ഗള്‍ഫ് മേഖലയിലെ വിമാനയാത്ര കൂടുതല്‍ ഹൈടെക് അനുഭവമായി മാറുകയാണ്. ഏകദേശം 8,000 ഉപഗ്രഹങ്ങളുടെ ശൃംഖലയിലാണ് സ്റ്റാര്‍ലിങ്ക് ഈ ഉയര്‍ന്ന വേഗതയുള്ള ഇന്റര്‍നെറ്റ് സേവനം ഉറപ്പുനല്‍കുന്നത്. ഇതോടെ, ഗള്‍ഫ് എയറില്‍ യാത്ര ചെയ്യുമ്പോള്‍ ഇന്റര്‍നെറ്റ് ലഭ്യമല്ല എന്ന ആശങ്ക യാത്രക്കാര്‍ക്ക് ഉണ്ടാകില്ല.

Tags: