ജാര്‍ഖണ്ഡിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സ്റ്റാന്‍ സ്വാമിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു

Update: 2020-10-08 18:18 GMT

റാഞ്ചി: റാഞ്ചിയിലെ മനുഷ്യാവകാശ പ്രവര്‍ത്തകനും കത്തോലിക്കാ പുരോഹിതനുമായ സ്റ്റാന്‍ സ്വാമിയെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തു. എല്‍ഗാര്‍ പരിഷത്ത് കേസിലാണ് അറസ്റ്റ്. 2018 ജൂണിനുശേഷം ഈ കേസില്‍ അറസ്റ്റിലാവുന്ന പതിനാറാമത്തെ ആളാണ് സ്വാമി. 84 വയസ്സുള്ള ഇദ്ദേഹം നിരവധി അസുഖങ്ങളുളള ആളാണ്.

സ്വാമിയെ എന്‍ഐഎ അറസ്റ്റ് ചെയ്തതായി മുതിര്‍ന്ന അഭിഭാഷകന്‍ മിഹിര്‍ ദേശായിയാണ് സ്ഥിരീകരിച്ചത്. വാറന്റില്ലാതെയാണ് അദ്ദേഹത്തെ അറസ്റ്റ്് ചെയ്തത്. നിലവില്‍ റാഞ്ചിയിലെ എന്‍ഐഎ ഓഫിസിലേക്കാണ് കൊണ്ടുപോയിട്ടുള്ളത്. എന്‍ഐഎ ഉദ്യോഗസ്ഥര്‍ മോശമായാണ് പെരുമാറിയതെന്നും തങ്ങളുടെ മേലധികാരിക്ക് ചോദ്യം ചെയ്യണമെന്നും പറഞ്ഞതായി സഹപ്രവര്‍ത്തകരെ ഉദ്ധരിച്ച് സ്‌ക്രോള്‍ റിപോര്‍ട്ട് ചെയ്തു.

കേരളത്തില്‍ ജനിച്ചു വളര്‍ന്ന സ്വാമി അഞ്ച് പതിറ്റാണ്ടായി ജാര്‍ഖണ്ഡില്‍ ആദിവാസി മേഖലയിലാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. പോലിസ് അതിക്രമങ്ങള്‍ക്കെതിരേ ശക്തമായ പ്രതിരോധം തീര്‍ത്ത സ്വാമി ആദിവാസികളുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടുന്നയാളുമാണ്. സംസ്ഥാനത്തെ ആദിവാസി മേഖലകള്‍ ഭരണഘടനയുടെ അഞ്ചാമത്തെ ഷെഡ്യൂളില്‍ ഉള്‍പ്പെടുത്താത്തതാണ് പ്രശ്‌നമെന്ന് അദ്ദേഹം വാദിക്കുന്നു. ആദിവാസി മേഖലയില്‍ പോലിസ് നടത്തുന്ന വിവേചനരഹിതമായ അറസ്റ്റിനെതിരേയും സ്വാമി ശബ്ദമുയര്‍ത്തിയിരുന്നു.

ജാര്‍ഖണ്ഡില്‍ ബിജെപി അധികാരത്തിലിരിക്കുന്ന സമയത്ത് സ്വാമിയെയും സുഹൃത്തിനെയും രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. ഏതാനും ദിവസം മുമ്പ് എന്‍ഐഎ അദ്ദേഹത്തെ ചോദ്യം ചെയ്യുകയും ചെയ്തു. മാവോവാദികളുമായ ബന്ധപ്പെട്ട വിവരങ്ങളാണ് തന്നോട്‌ചോദിച്ചതെന്ന് കഴിഞ്ഞ ദിവസം പുറത്തുവിട്ട വീഡിയോയില്‍ സ്വാമി വ്യക്തമാക്കി.

ഭീമ കൊറോഗാവ് കേസുമായി എന്‍ഐഎയ്ക്ക് ബന്ധമില്ലെന്ന് വീഡിയോയില്‍ സ്വാമി പറഞ്ഞു. ഈ കേസിന്റെ പേരില്‍ റാഞ്ചിയിലെ അദ്ദേഹത്തിന്റെ വീട് രണ്ട് തവണ പോലിസ് റെയ്ഡ് ചെയ്തു- ഒരു തവണ 2018 ആഗസ്റ്റ് 28നും 2019 ജൂണ്‍ 12നും. മാവോവാദികളുമായി ബന്ധമുണ്ടെന്നാണ് എന്‍ഐഎയുടെ ആരോപണം. എല്ലാ ആരോപണങ്ങളും സ്വാമി നിഷേധിച്ചു. തന്റെ പ്രായവും കൊറോണ വൈറസ് ബാധ തീവ്രമാവുകയും ചെയ്ത സാഹചര്യത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും അത് പരിഗണിക്കപ്പെട്ടില്ല.

Tags: