കേന്ദ്ര സര്‍ക്കാര്‍ ചരിത്രത്തിലെ ഏറ്റവും വലിയ വിറ്റഴിക്കലിനൊരുങ്ങുന്നു

അടുത്ത സാമ്പത്തികവര്‍ഷത്തിനടിയില്‍ ഇത്രയും വിറ്റഴിക്കുക പ്രയാസമായിരിക്കുമെന്നാണ് കരുതപ്പെടുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷം ഓഹരി വില്‍പ്പനയിലൂടെ 10500 കോടി രൂപ കണ്ടെത്താനായിരുന്നു ബജറ്റ് നിര്‍ദേശം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അത് 80000 കോടിയായിരുന്നു.

Update: 2019-11-21 02:56 GMT

ന്യൂഡല്‍ഹി: എന്‍ഡിഎ സര്‍ക്കാര്‍ അഞ്ച് പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാന്‍ തീരുമാനിച്ചു. ഭാരത് പെട്രോളിയം, കാര്‍ഗോ മൂവര്‍ കണ്ടെയ്‌നര്‍ കോര്‍പറേഷന്‍, ഷിപ്പിങ് കമ്പനി ഷിപ്പിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ തുടങ്ങിയ പൊതുമേഖലയിലെ വമ്പന്‍ സ്ഥാപനങ്ങളാണ് ഇത്തവണ വിറ്റഴിക്കുക. ഓഹരി വിറ്റഴിക്കലിനു പുറമെ മാനേജ്‌മെന്റ് നിയന്ത്രണവും സ്വകാര്യമേഖലയിലേക്ക് കൈമാറും. ഒപ്പം മറ്റ് രണ്ട് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികളും വിറ്റഴിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വൈദ്യുതിഉദ്പാദന കമ്പനികളായ തെഹ്രി ഹൈഡ്രോ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ഇന്ത്യ ലിമിറ്റഡ്, നോര്‍ത്ത് ഈസ്‌റ്റേണ്‍ ഇലക്ട്രിക് പവര്‍ കോര്‍പറേഷന്‍ ലിമിറ്റഡ് തുടങ്ങിയവയാണ് വിറ്റഴിക്കാന്‍ തീരുമാനിച്ച മറ്റ് കമ്പനികള്‍. തെഹ്രി ഹൈഡ്രോ ഡെവലപ്‌മെന്റ് കോര്‍പറേഷന്റെ 74.23 ശതമാനം ഓഹരികളും നോര്‍ത്ത് ഈസ്‌റ്റേണ്‍ ഇലക്ട്രിക് പവര്‍ കോര്‍പറേഷന്റെ 100 ശതമാനം ഓഹരികളും വിറ്റഴിക്കും. കൂടാതെ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷന്റെ മാനേജ്‌മെന്റ് നിയന്ത്രണവും സ്വകാര്യമേഖലയ്ക്ക് നല്‍കും.

ഇന്നലെ ചേര്‍ന്ന സാമ്പത്തികകാര്യ കാബിനറ്റ് കമ്മിറ്റി യോഗത്തില്‍ എടുത്ത തീരുമാനമാണ് ഇത്. കൂടാതെ മാനേജ്‌മെന്റ് നിലനിര്‍ത്തിക്കൊണ്ടുതന്നെ തിരഞ്ഞെടുക്കപ്പെട്ട ചില പൊതുമേഖലാ കമ്പനികളുടെ ഓഹരി 51 ശതമാനത്തിനു താഴെ വിറ്റഴിക്കാനും തത്ത്വത്തില്‍ തീരുമാനമായിട്ടുണ്ടെന്നും ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞു.

അതേസമയം അടുത്ത സാമ്പത്തികവര്‍ഷത്തിനടിയില്‍ ഇത്രയും വിറ്റഴിക്കുക പ്രയാസമായിരിക്കുമെന്നാണ് കരുതപ്പെടുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷം ഓഹരി വില്‍പ്പനയിലൂടെ 10500 കോടി രൂപ കണ്ടെത്താനായിരുന്നു ബജറ്റ് നിര്‍ദേശം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അത് 80000 കോടിയായിരുന്നു.

ബിപിസിഎല്‍ന്റെ 53.29 ശതമാനവും ഷിപ്പിങ് കോര്‍പറേഷന്റെ 63.75 ശതമാനവും ഓഹരി വിറ്റഴിക്കും. കണ്ടയ്‌നര്‍ കോര്‍പറേഷന്റെ നിലവില്‍ കൈവശമുള്ള 54.8 ശതമാനത്തിന്റെ 30.8 ശതമാനം വിറ്റഴിക്കും. റയില്‍വേ മേഖലയിലെ പ്രാധാന്യം കണക്കിലെടുത്താണ് കണ്ടയ്‌നര്‍ കോര്‍പറേഷന്റെ 24 ശതമാനം ഓഹരി നിലനിര്‍ത്തുന്നത്. അതേസമയം മാനേജ്‌മെന്റ് നിയന്ത്രണം സ്വകാര്യമേഖലയ്ക്ക് കൈമാറുകയും ചെയ്യും.

സ്‌പെക്ട്രം ലേലത്തുകയില്‍ കുടിശിക വരുത്തിയ കമ്പനികള്‍ക്ക് രണ്ട് വര്‍ഷത്തെ മോറട്ടോറിയവും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിസന്ധി നേരിടുന്ന വോഡഫോണിനും ഐഡിയയ്ക്കും ഇത് ഗുണം ചെയ്യും. 

Tags:    

Similar News