ശ്രീലങ്കന്‍ പ്രസിഡന്റ് ബുധനാഴ്ച രാജിവെക്കും; സമാധാനം പാലിക്കാന്‍ അഭ്യര്‍ത്ഥനയുമായി കരസേനാ മേധാവി

Update: 2022-07-10 05:59 GMT

കൊളംബൊ: ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബായ രാജപക്‌സെ ജൂലൈ 13ന് സ്ഥാനമൊഴിയുമെന്ന് സ്പീക്കര്‍. തലസ്ഥാനത്തും പ്രസിഡന്റിന്റെ ഔദ്യോഗിക വസതിക്കുനേരെയും നടന്ന അക്രമാസക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് പ്രസിഡന്റ് രാജിവയ്ക്കാന്‍ സമ്മതിച്ചത്. ശനിയാഴ്ച പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറിയ പ്രകടനക്കാര്‍ പിന്നീട് പ്രധാനമന്ത്രിയുടെ കൊളംബോയിലെ വസതിക്കും തീയിട്ടു.

സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ മാസങ്ങള്‍ നീണ്ട സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധത്തിന് ശേഷമാണ് പ്രഖ്യാപനം. 

ഭരണം സര്‍വകക്ഷി സര്‍ക്കാരിന് കൈമാറാന്‍ രാജിവെക്കാന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയും അറിയിച്ചതായി അദ്ദേഹത്തിന്റെ ഓഫിസ് ശനിയാഴ്ച വൈകുന്നേരം പ്രസ്താവനയില്‍ അറിയിച്ചു.

അതേസമയം, നിലവിലെ രാഷ്ട്രീയ പ്രതിസന്ധി സമാധാനപരമായി പരിഹരിക്കാനുള്ള അവസരം ഇപ്പോള്‍ കൈവന്നിട്ടുണ്ടെന്നും രാജ്യത്ത് സമാധാനം നിലനിര്‍ത്താന്‍ ജനങ്ങളുടെ പിന്തുണ തേടുന്നതായും ശ്രീലങ്കന്‍ കരസേനാ മേധാവി ജനറല്‍ ശവേന്ദ്ര സില്‍വ പറഞ്ഞു. രാജ്യത്ത് സമാധാനം നിലനിര്‍ത്തുന്നുവെന്ന് ഉറപ്പാക്കാന്‍ സായുധ സേനയെയും പോലിസിനെയും പിന്തുണയ്ക്കണമെന്ന് അദ്ദേഹം എല്ലാ ശ്രീലങ്കക്കാരോടും അഭ്യര്‍ത്ഥിച്ചുതായി കൊളംബോ ഗസറ്റ് ന്യൂസ് പോര്‍ട്ടല്‍ റിപോര്‍ട്ട് ചെയ്തു. 

ശ്രീലങ്കയില്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും രാഷ്ട്രീയപ്രതിസന്ധി ഉടന്‍ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും പണക്ഷാമമുള്ള രാജ്യത്ത് ഐഎംഎഫ് പിന്തുണയോടെയുള്ള പദ്ധതികള്‍ നടപ്പാക്കുന്നതുസംബന്ധിച്ച് ചര്‍ച്ച പുനരാരംഭിക്കുമെന്നും ഐഎംഎഫ് വക്താവ് പറഞ്ഞു. ധനമന്ത്രി കൂടിയായ പ്രധാനമന്ത്രി വിക്രമസിംഗെയുമായി ഐഎംഎഫ് ഒരു റൗണ്ട് നയചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി. ചില സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനുണ്ടെന്ന് സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ നന്ദലാല്‍ വീരസിംഗ പറഞ്ഞു. 

Tags: