14 തമിഴ്‌നാട് മല്‍സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു

Update: 2022-11-17 07:17 GMT

ചെന്നൈ: തെക്കുകിഴക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മല്‍സ്യബന്ധനം നടത്തുകയായിരുന്ന തമിഴ്‌നാട്ടില്‍ നിന്നുള്ള 14 മല്‍സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരുടെ ബോട്ടുകളും ശ്രീലങ്കന്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കൊടിയക്കരയില്‍ ആഴക്കടലില്‍ മല്‍സ്യബന്ധനം നടത്തുകയായിരുന്ന തമിഴ്‌നാട്ടിലെ നാഗപട്ടണം, കാരയ്ക്കല്‍, രാമനാഥപുരം ജില്ലകളിലെ 14 മല്‍സ്യത്തൊഴിലാളികളെയാണ് ശ്രീലങ്കന്‍ നാവികസേന ബുധനാഴ്ച അറസ്റ്റ് ചെയ്തത്. പുതുച്ചേരിയിലെ കാരക്കല്‍ തുറമുഖത്തുനിന്നും നവംബര്‍ 15 ന് മല്‍സ്യബന്ധനത്തിന് പുറപ്പെട്ടവരാണ് അറസ്റ്റിലായത്. രാജ്യാന്തര സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്.

അറസ്റ്റിലായ മല്‍സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ ഉദ്യോഗസ്ഥര്‍ അന്വേഷണത്തിനായി ശ്രീലങ്കയിലെ കാങ്കസന്‍തുറൈ തുറമുഖത്തേക്ക് കൊണ്ടുപോയി. അതേസമയം, ശ്രീലങ്കന്‍ നാവികസേന നടത്തിയ പരിശോധനയ്ക്കിടെ ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളിക്ക് മര്‍ദ്ദനമേറ്റു. തമിഴ്‌നാട് രാമേശ്വരം സ്വദേശി ജോണ്‍സനാണ് പരിശോധനയ്ക്കിടെ സേന നടത്തിയ ആക്രമണത്തില്‍ കണ്ണിന് പരിക്കേറ്റത്. കാരയ്ക്കല്‍ തീരത്ത് നിന്ന് മല്‍സ്യബന്ധനത്തിനായി പുറപ്പെട്ട മറ്റൊരു ബോട്ടിലെ 14 മല്‍സ്യത്തൊഴിലാളികളെ സമാന കുറ്റം ആരോപിച്ച് ശ്രീലങ്കന്‍ സേന അറസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളിലാണ് ജോണ്‍സന് നേരെ ആക്രമണം നടന്നത്.

കാരയ്ക്കല്‍, രാമനാഥപുരം, നാഗപ്പട്ടണം ജില്ലകളില്‍ നിന്നുള്ള ഇവരെ തുടരന്വേഷണത്തിനായി കങ്കേശതുറൈ തീരത്തേക്ക് ലങ്കന്‍ സേന മാറ്റി. മല്‍സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തതോടെ തീരദേശത്തെ മല്‍സ്യബന്ധന ഗ്രാമങ്ങളില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ശ്രീലങ്കന്‍ നാവികസേനയുടെ പിടിയിലാവുന്നതും ബോട്ടുകള്‍ പിടിച്ചെടുക്കുന്നതും ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികള്‍ നേരിടുന്ന സ്ഥിരം വെല്ലുവിളിയാണ്. അറസ്റ്റിലായ മല്‍സ്യത്തൊഴിലാളികളെ വിട്ടയക്കാനും മല്‍സ്യത്തൊഴിലാളികളുടെ ഉപജീവനത്തെ ബാധിക്കുന്ന ശ്രീലങ്കന്‍ നാവികസേനയുടെ തുടര്‍ച്ചയായ അറസ്റ്റുകള്‍ അവസാനിപ്പിക്കാനും നടപടി സ്വീകരിക്കണമെന്ന് മല്‍സ്യത്തൊഴിലാളികള്‍ സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളോട് അഭ്യര്‍ഥിച്ചു.

Tags: