പെട്രോളുമായി കപ്പല്‍ തീരത്ത്; വാങ്ങാന്‍ പണമില്ലാതെ ശ്രീലങ്ക

Update: 2022-05-19 02:59 GMT

കൊളംബോ: ഇന്ധനവുമായി കപ്പല്‍ തീരത്തുണ്ടെങ്കിലും വാങ്ങാന്‍ പണമില്ലാതെ ശ്രീലങ്ക. പെട്രോള്‍ വാങ്ങാന്‍ ആവശ്യമായ വിദേശനാണ്യം പക്കലില്ലെന്ന് ലങ്കയിലെ ഇടക്കാല സര്‍ക്കാര്‍ അറിയിച്ചു. അതിനാല്‍, ജനങ്ങള്‍ പമ്പുകള്‍ക്ക് മുമ്പില്‍ വരി നില്‍ക്കരുതെന്ന് സര്‍ക്കാര്‍ പൗരന്‍മാരോട് ആവശ്യപ്പെട്ടു. ലങ്കയുടെ സമുദ്രമേഖലയില്‍ പെട്രോളുമായി കപ്പലുണ്ട്. എന്നാല്‍, ഇത് വാങ്ങാന്‍ വിദേശനാണ്യമില്ലെന്ന് ഊര്‍ജമന്ത്രി കാഞ്ചന വിജേശേഖര പാര്‍ലമെന്റില്‍ പറഞ്ഞു. ബുധനാഴ്ചയോ വ്യാഴാഴ്ചയോ ഈ കപ്പലില്‍നിന്ന് എണ്ണ വാങ്ങുന്നതില്‍ തീരുമാനമെടുക്കാനായേക്കും. ഇതേ വിതരണക്കാരില്‍ നിന്ന് നേരത്തെ 53 മില്യന്‍ ഡോളറിന്റെ പെട്രോള്‍ കടം വാങ്ങിയിട്ടുണ്ട്.

സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി ലോക ബാങ്ക് നല്‍കിവരുന്ന 160 മില്യന്‍ ഡോളറിന് വേണ്ടിയുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്നും അദ്ദേഹം പാര്‍ലമെന്റില്‍ വ്യക്തമാക്കി. രാജ്യത്ത് ഡീസല്‍ ശേഖരമുണ്ട്. എന്നാല്‍, അവശേഷിക്കുന്ന പെട്രോള്‍ ആംബുലന്‍സുകള്‍ അടക്കമുള്ള അവശ്യസേവനങ്ങള്‍ക്കുവേണ്ടി മാറ്റിവച്ചിരിക്കുകയാണെന്നും അധികൃതരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്തു. രാജ്യത്തെ സാമ്പത്തിക സ്ഥിതി ഏറ്റവും അപകടകരമായ നിലയിലാണെന്ന് പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വരാനിരിക്കുന്ന മാസങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ഏറ്റവും പ്രയാസമേറിയ മാസങ്ങളായിരിക്കും.

എല്ലാവരും ത്യാഗങ്ങളും വീട്ടുവീഴ്ചകളും ചെയ്യാന്‍ തയ്യാറാവണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടാണ് വിക്രമസിംഗെ രംഗത്തെത്തിയത്. രാജ്യത്ത് ദിവസവും 15 മണിക്കൂര്‍ വൈദ്യുതി നിയന്ത്രണമുണ്ടാവുമെന്നാണ് മുന്നറിയിപ്പ്. ശ്രീലങ്ക അതിന്റെ സ്വതന്ത്ര ചരിത്രത്തിലെ ഏറ്റവും മോശം സാമ്പത്തിക തകര്‍ച്ചയിലാണ്. ഭക്ഷണം മുതല്‍ പാചക വാതകം വരെയുള്ള എല്ലാത്തിന്റെയും ദൗര്‍ലഭ്യം ഏഷ്യയിലെ ഏറ്റവും വേഗതയേറിയ പണപ്പെരുപ്പത്തിന് കാരണമായി. വില ഏകദേശം 30% വര്‍ധിച്ചു. സാമൂഹിക അശാന്തിയിലേക്കും രാഷ്ട്രീയ പ്രക്ഷുബ്ധതയിലേക്കും ശ്രീലങ്ക കടന്നിരിക്കുകയാണ്.

Tags:    

Similar News