ബുര്‍ഖ നിരോധനവുമായി ശ്രീലങ്ക; മന്ത്രിസഭ അംഗീകാരം നല്‍കി

ബുര്‍ഖ നിരോധിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന ഐക്യരാഷ്ട്രസഭയുടെ വിദഗ്ദ്ധന്റെ അഭിപ്രായം വകവയ്ക്കാതെയാണ് ശ്രീലങ്ക നിരോധന നീക്കവുമായി മുന്നോട്ടു പോകുന്നത്

Update: 2021-04-28 05:03 GMT

കൊളംബോ: മുസ്‌ലിം സ്ത്രീകളുടെ ബുര്‍ഖ നിരോധിക്കാനുള്ള തീരുമാനവുമായി ശ്രീലങ്കന്‍ ഭരണകൂടം. മുഖ മൂടുപടങ്ങള്‍ നിരോധിക്കുന്ന നിയമത്തിന് ശീലങ്കന്‍ മന്ത്രിസഭ അംഗീകാരം നല്‍കി. ഇനി നിര്‍ദ്ദേശം അറ്റോര്‍ണി ജനറല്‍ വകുപ്പിലേക്ക് അയയ്ക്കുകയും പാര്‍ലമെന്റ് അംഗീകരിക്കുകയും ചെയ്യുന്നതോടെ ബുദ്ധമത ഭൂരിപക്ഷ രാജ്യമായ ശ്രീലങ്കയില്‍ ബുര്‍ഖ നിരോധനം പ്രാബല്യത്തില്‍ വരും.


ബുര്‍ഖ നിരോധിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന ഐക്യരാഷ്ട്രസഭയുടെ വിദഗ്ദ്ധന്റെ അഭിപ്രായം വകവയ്ക്കാതെയാണ് ശ്രീലങ്ക നിരോധന നീക്കവുമായി മുന്നോട്ടു പോകുന്നത്. ചൊവ്വാഴ്ച നടന്ന പ്രതിവാര യോഗത്തില്‍ ബുര്‍ഖ നിരോധിക്കാനുള്ള പൊതു സുരക്ഷാ മന്ത്രി ശരത് വീരശേഖരയുടെ നിര്‍ദ്ദേശത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. പാര്‍ലമെന്റില്‍ സര്‍ക്കാരിന് ഭൂരിപക്ഷം ഉള്ളതിനാല്‍ ഈ നിര്‍ദ്ദേശം എളുപ്പത്തില്‍ പാസാക്കാനാകും.


ബുര്‍ഖ മതതീവ്രവാദത്തിന്റെ അടയാളമാണെന്നന്ന് വീരശേഖര ആരോപിച്ചിരുന്നു. നിരോധനം മുസ്ലിംകളുടെ വികാരത്തെ വ്രണപ്പെടുത്തുമെന്ന് പാകിസ്ഥാന്‍ അഭിപ്രായപ്പെട്ടു. ബുര്‍ഖ നിരോധനം അന്താരാഷ്ട്ര നിയമവുമായി പൊരുത്തപ്പെടുന്നില്ലെന്നും മതപരമായ അഭിപ്രായ പ്രകടനത്തിന് ന്യൂനപക്ഷങ്ങള്‍ക്ക് അവകാശമുണ്ടെന്നും മതസ്വാതന്ത്ര്യ, വിശ്വാസ യുഎന്‍ പ്രത്യേക റിപോര്‍ട്ടര്‍ അഹമ്മദ് ഷഹീദ് ട്വീറ്റ് ചെയ്തു. ശ്രീലങ്കയിലെ 22 ദശലക്ഷം ജനങ്ങളില്‍ 9 ശതമാനമാണ് മുസ് ലിം ജനസംഖ്യ. ബുദ്ധമതക്കാര്‍ 70 ശതമാനത്തിലധികമാണ്. ഹിന്ദുക്കളായ വംശീയ-ന്യൂനപക്ഷ തമിഴര്‍ 15 ശതമാനത്തോളമുണ്ട്.




Tags: