മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ് നടപ്പാക്കി സര്‍ക്കാര്‍: സ്‌പോട്ടില്‍ പ്രവേശനം കിട്ടിയാല്‍ നേരത്തെ അടച്ച ഫീസ് മടക്കിക്കിട്ടും

സ്‌പോട്ട് അഡ്മിഷനില്‍ പുതിയ കോളജില്‍ പ്രവേശനം നേടിയതിന്റെ പിറ്റേന്ന് തന്നെ വിദ്യാര്‍ഥികള്‍ ആദ്യം പ്രവേശനം നേടിയ കോളജില്‍ ടി.സിക്ക് അപേക്ഷിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു

Update: 2022-06-22 12:15 GMT

തിരുവനന്തപുരം: കീം പരീക്ഷയില്‍ ജയിച്ച് സ്‌പോട്ട് അഡ്മിഷന്‍ വഴി പ്രവേശനത്തിന്റെ അവസാന ദിവസം മറ്റൊരു കോളജില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക്, അവര്‍ മുമ്പ് പ്രവേശനം നേടിയ കോളജില്‍ അടച്ച ട്യൂഷന്‍ ഫീസ് ഉള്‍പ്പെടെയുള്ള മുഴുവന്‍ ഫീസും മടക്കി നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവായി.

പ്രവേശന നടപടികള്‍ അവസാനിപ്പിച്ച ശേഷം ടി.സി. വാങ്ങുന്നവര്‍ക്ക് ട്യൂഷന്‍ ഫീസ് മടക്കി നല്‍കാന്‍ കഴിയില്ലെന്ന കോളജുകളുടെ നിലപാട് തെറ്റാണെന്ന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ ഉത്തരവ് നടപ്പാക്കി കൊണ്ടാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് , സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയത്. സ്‌പോട്ട് അഡ്മിഷനില്‍ പുതിയ കോളജില്‍ പ്രവേശനം നേടിയതിന്റെ പിറ്റേന്ന് തന്നെ വിദ്യാര്‍ത്ഥികള്‍ ആദ്യം പ്രവേശനം നേടിയ കോളജില്‍ ടി.സിക്ക് അപേക്ഷിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. സ്‌പോട്ട് അഡ്മിഷന്‍ പ്രക്രിയയില്‍ പങ്കെടുക്കുന്ന കോളജുകള്‍ക്കാണ് ഈ ഉത്തരവ് ബാധകം.

പ്രവേശന നടപടികള്‍ അവസാനിച്ച ശേഷം ടി.സി. വാങ്ങുന്നവര്‍ക്ക് ട്യൂഷന്‍ ഫീസ് മടക്കി നല്‍കേണ്ടതില്ലെന്നാണ് ഇപ്പോഴത്തെ നിയമം. തിരുവനന്തപുരം എല്‍ബിഎസ് കോളജില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ഥിനിക്ക് ബാര്‍ട്ടന്‍ ഹില്‍ ഗവ.എഞ്ചിനീയറിങ് കോളജില്‍ സ്‌പോട്ട് അഡ്മിഷന്‍ വഴി പ്രവേശനം ലഭിച്ചപ്പോള്‍ ട്യൂഷന്‍ ഫീസായി അടച്ച 35000 രൂപ മടക്കി നല്‍കില്ലെന്ന എല്‍.ബി.എസ് കോളജിന്റെ നിലപാട് ചോദ്യം ചെയ്ത് സമര്‍പ്പിച്ച പരാതിയിലാണ് ട്യൂഷന്‍ ഫീസ് മടക്കി നല്‍കാന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഉത്തരവിട്ടത്.

പ്രസ്തുത ഉത്തരവാണ് സര്‍ക്കാര്‍ നടപ്പിലാക്കിയത്. ഒഴിഞ്ഞുകിടക്കുന്ന സീറ്റില്‍ പ്രവേശനം നടത്താന്‍ കഴിയാത്തതുകൊണ്ടാണ് കോളജുകള്‍ ട്യൂഷന്‍ ഫീസ് മടക്കി നല്‍കാത്തത്. കമലേശ്വരം സ്വദേശിനി ബികെ റഹ്നയാണ് കമ്മീഷനെ സമീപിച്ചത്. 

Tags:    

Similar News