കേരളത്തിലെ മികച്ച കായിക താരങ്ങളെ ആദരിച്ചു

Update: 2022-07-04 19:18 GMT

കോഴിക്കോട്: കേരളത്തിലെ മികച്ച കായിക താരങ്ങളെ കേന്ദ്രമന്ത്രി അനുരാഗ് സിംഗ് താക്കൂര്‍ ആദരിച്ചു. സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (SAI) കോഴിക്കോട് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് മന്ത്രി കായികതാരങ്ങളെ പൊന്നാട അണിയിച്ച് ആദരിച്ചത്.

വിവിധ ദേശീയ/ അന്തര്‍ദ്ദേശീയ കായികമേളകളില്‍ മെഡലുകള്‍ കരസ്ഥമാക്കിയ 38 കായികതാരങ്ങള്‍ക്ക് ചടങ്ങില്‍ മന്ത്രി ഉപഹാരങ്ങള്‍ നല്‍കി.

കായിക രംഗവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ കേന്ദ്രമന്ത്രി താരങ്ങളുമായി സംസാരിച്ചു. നിലവില്‍ ജില്ലയിലെ കായിക പരിശീലന കേന്ദ്രത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ വരുത്താം എന്നതിനെക്കുറിച്ച് കായികതാരങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ മന്ത്രി ആരാഞ്ഞു. സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട് താരങ്ങള്‍ നേരിടുന്ന വിവിധ വിഷയങ്ങളെക്കുറിച്ചും മന്ത്രി ചോദിച്ചറിഞ്ഞു. സ്‌കൂളുകളില്‍ മറ്റു വിഷയങ്ങളെ പോലെ കായിക വിദ്യാഭ്യാസവും നിര്‍ബന്ധമാക്കണമെന്നും അതിന്റെ പ്രാധാന്യം ചെറുപ്രായത്തില്‍തന്നെ കുട്ടികള്‍ അറിയേണ്ടത് അത്യാവശ്യമാണെന്നും മുന്‍ താരങ്ങള്‍ അഭിപ്രായപ്പെട്ടു. കായിക രംഗത്ത് വളരെ പുരോഗമനമായ നിലപാടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പാക്കിക്കാണ്ടിരിക്കുന്നതെന്നും, ചര്‍ച്ച ചെയ്തതില്‍ പ്രാധാനപ്പെട്ട വിഷയങ്ങളില്‍ പരിഹാരം കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.

പരിപാടിയോടനുബന്ധിച്ച് ഇന്ത്യന്‍ കളരിപ്പയറ്റ് ഫെഡറേഷന്റെ നേതൃത്വത്തില്‍ കളരിപ്പയറ്റും അവതരിപ്പിച്ചു. സായിക്ക് കീഴിലുള്ള തലശ്ശേരി എസ്.ടി.സിയിലെ താരങ്ങളുടെ ഫെന്‍സിങ് മത്സരവും നടന്നു. തുടര്‍ന്ന് നടന്ന വോളിബോള്‍ മത്സരത്തില്‍ സായിയിലെ നിലവിലെ താരങ്ങളും മുന്‍താരങ്ങളും എറ്റുമുട്ടി.

ചടങ്ങില്‍ കേരള സ്‌റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ഒ.കെ. വിനീഷ് അധ്യക്ഷനായി. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് രാജഗോപാല്‍, ഇന്ത്യന്‍ കളരിപ്പയറ്റ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി അഡ്വ. ടി. സോമന്‍, ജില്ലാ പ്രസിഡന്റ് എ. മൂസ ഹാജി, സായി എല്‍.എന്‍.സി.പി.ഇ റീജ്യണ്‍ പ്രിന്‍സിപ്പല്‍ ഡോ.ജി. കിഷോര്‍, വിവിധ ജില്ലകളില്‍ നിന്നുള്ള കായികതാരങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Similar News