അടുത്ത അധ്യയനവര്‍ഷം മുതല്‍ സ്‌കൂളുകളില്‍ കായികം പഠനവിഷയമാക്കുന്നു

Update: 2022-11-23 00:56 GMT

കോഴിക്കോട്: സംസ്ഥാനത്തെ സ്‌കൂളുകളില്‍ അടുത്ത അധ്യയനവര്‍ഷം മുതല്‍ കായികം പഠനവിഷയമാക്കുന്നു. സ്‌പോര്‍ട്‌സിനെക്കുറിച്ചുള്ള പ്രാഥമികമായ അറിവ് കുട്ടികള്‍ക്ക് നേടിക്കൊടുക്കുക എന്നതാണ് കായികം പഠനവിഷയമാക്കുന്നത് വഴി ലക്ഷ്യമിടുന്നത്. കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ 'പുലര്‍കാലം' സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കവെ കായിക മന്ത്രി വി അബ്ദുറഹിമാനാണ് ഇക്കാര്യം അറിയിച്ചത്. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ കേരള സ്‌പോര്‍ട്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ആന്റ് റിസര്‍ച്ച് സെന്റര്‍ അടുത്ത വര്‍ഷം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ഥികളുടെ മാനസിക ആരോഗ്യ ഉന്നമനത്തിനും ശാരീരിക വളര്‍ച്ചയ്ക്കും വേണ്ടി ആവിഷ്‌കരിക്കുന്ന സവിശേഷ പ്രവര്‍ത്തനമാണ് പുലര്‍കാലം പദ്ധതി. ചേളന്നൂര്‍ എകെകെആര്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ കോ-ഓഡിനേറ്റര്‍ പ്രവീണ്‍കുമാര്‍ പദ്ധതി വിശദീകരണം നടത്തി.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം പി ശിവാനന്ദന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി സുനില്‍കുമാര്‍, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി പി നൗഷീര്‍, ഗ്രാമപ്പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ എന്‍ എം വിമല, ജില്ലാ പഞ്ചായത്ത് സെക്രട്ടറി അഹമ്മദ് കബീര്‍, ഹെഡ്മിസ്ട്രസ്സ് ഷീജ ബി എസ് തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് അംഗം ഇ ശശീന്ദ്രന്‍ സ്വാഗതവും പ്രിസിപ്പല്‍ മനോജ് കുമാര്‍ നന്ദിയും പറഞ്ഞു.

Tags:    

Similar News