കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും പുത്തനുണര്‍വേകാന്‍ സ്‌പൈസറി

വില്പനകേന്ദ്രം എന്നതിലുപരി കര്‍ഷകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഇടയില്‍ ഒരുകണ്ണിയായി വര്‍ത്തിച്ച് കര്‍ഷകര്‍ക്ക് മികച്ചവിലയും ഉപഭോക്താക്കള്‍ക്ക് ന്യായമായ വിലക്ക് മായം ചേര്‍ക്കാത്ത സുഗന്ധവ്യഞ്ജനങ്ങളും മൂല്യവര്‍ധിത ഉത്പന്നങ്ങളും സ്‌പൈസറി ഉറപ്പുവരുത്തുന്നു.

Update: 2020-11-10 11:46 GMT

കോഴിക്കോട്: ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രം (ഐസിഎആര്‍ -ഐഐഎസ്ആര്‍) ആവിഷ്‌കരിച്ച വില്പനകേന്ദ്രമായ സ്‌പൈസറി കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും പുത്തന്‍ പ്രതീക്ഷയാകുന്നു. പല തലങ്ങളിലുള്ള ഗുണഭോക്താക്കളെ ഒരുപോലെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ഐഐഎസ്ആറിന്റെ ചെലവൂര്‍ കേന്ദ്രത്തില്‍ ആവിഷ്‌കരിച്ച സ്‌പൈസറി കര്‍ഷകര്‍, സംരംഭകര്‍, ഉപഭോക്താക്കള്‍ തുടങ്ങിയവര്‍ക്കിടയില്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നത്.

വില്പനകേന്ദ്രം എന്നതിലുപരി കര്‍ഷകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഇടയില്‍ ഒരുകണ്ണിയായി വര്‍ത്തിച്ച് കര്‍ഷകര്‍ക്ക് മികച്ചവിലയും ഉപഭോക്താക്കള്‍ക്ക് ന്യായമായ വിലക്ക് മായം ചേര്‍ക്കാത്ത സുഗന്ധവ്യഞ്ജനങ്ങളും മൂല്യവര്‍ധിത ഉത്പന്നങ്ങളും സ്‌പൈസറി ഉറപ്പുവരുത്തുന്നു.

ഐ ഐ എസ് ആറിന്റെ സേവനങ്ങളും ഉത്പന്നങ്ങളും ജനങ്ങളിലേക്കെത്തിക്കുന്ന ഒരു ഏകജാലക സംവിധാനമായാണ് സ്‌പൈസറി പ്രവര്‍ത്തിക്കുന്നതെന്ന് ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രം ഡയറക്ടര്‍ ഡോ. സന്തോഷ് ജെ. ഈപ്പന്‍ പറഞ്ഞു. ഐഐ.എസ്. ആര്‍ ഉറപ്പുവരുത്തുന്ന ഭക്ഷ്യ സുരക്ഷയും ഗുണമേന്മയും സ്‌പൈസറി മുദ്രണം ചെയ്യുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ലഭ്യമായ കണക്കുകള്‍ പ്രകാരം ഇരുപത്തിഅഞ്ചിലധികം സ്റ്റാര്‍ട്ടപ്പുകളും നിരവധി കര്‍ഷകരും നിലവില്‍ സ്‌പൈസറിയുടെ ഗുണഭോക്താക്കളാണ്. മസാലപ്പൊടികള്‍ സൗന്ദര്യ വര്‍ദ്ധകവസ്തുക്കള്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ്സ് ഉത്പന്നങ്ങള്‍ ഉള്‍പ്പെടെ നൂറിലേറെ ഉത്പന്നങ്ങള്‍ സ്‌പൈസറിയില്‍ ലഭ്യമാണ്. കൂടാതെ ഗുണനിലവരുമുള്ള നടീല്‍ വസ്തുക്കളും ജൈവകൃഷിക്ക് സഹായകമായ സൂക്ഷ്മാണു മിശ്രിതവും സ്‌പൈസറിയില്‍ ലഭ്യമാക്കുന്നു.

വിപണിവിലയിലുണ്ടാകുന്ന അപ്രതീക്ഷിത തകര്‍ച്ചകള്‍ പലപ്പോഴും കര്‍ഷകരെ വലിയതോതില്‍ ബാധിക്കുന്നു. ഇത്തരം സന്ദര്‍ഭങ്ങളിലാണ് സ്‌പൈസറിയുടെ പ്രവര്‍ത്തനം പ്രാധാന്യമര്‍ഹിക്കുന്നത്. ഇത്തരം സാഹചര്യത്തില്‍ സുഗന്ധവിള ഗവേഷണകേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്തുപ്രവര്‍ത്തിക്കുന്ന കര്‍ഷകരെ സ്റ്റാര്‍റ്റപ്പുകളുമായി ബന്ധിപ്പിച്ച് അവര്‍ക്കു മികച്ച വില ലഭ്യമാക്കാന്‍ സ്‌പൈസറിക്കു സാധിക്കുന്നു.

വിലക്കുറവുകാരണം കര്‍ഷകര്‍ വിളവെടുപ്പുതന്നെ വേണ്ടെന്നുവയ്ക്കുന്ന സാഹചര്യം ഒഴിവാക്കാനും ഈ ഇടപെടലിലൂടെ കഴിയുന്നു. സുഗന്ധവ്യഞ്ജന സംസ്‌കരണ സൗകര്യവും സാങ്കേതികസഹായവും നല്‍കി കര്‍ഷകരെ സ്റ്റാര്‍ട്ടപ്പിലൂടെ മികച്ചവരുമാനം നേടാന്‍ പ്രാപ്തരാക്കാനുള്ള ശ്രമങ്ങളും സ്‌പൈസറി ഉറപ്പുവരുത്തുന്നുണ്ടെന്നു ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു.

സുഗന്ധവ്യഞ്ജന ഉത്പന്നങ്ങള്‍ക്കുആഗോള-പ്രാദേശിക വിപണികളിലുള്ള ആവശ്യകതയെ യുവസംരംഭകര്‍ക്കുള്ള മികച്ച അവസരമാക്കിമാറ്റാനുള്ള നടപടികള്‍ക്കാണ് സ്‌പൈസറി പ്രാമുഖ്യം നല്‍കുന്നത്. ചെറുകിട സംരംഭകരെ സര്‍ക്കാര്‍ സര്‍ക്കാരിതര വ്യവസായ സംരംഭങ്ങളുമായി യോജപ്പിച്ചു അവര്‍ക്കു മികച്ച തുടക്കം നല്‍കാനും സ്‌പൈസറിക്കുസാധിക്കുന്നു.

സ്റ്റാര്‍ട്ടപ്പ്കള്‍ പുറത്തിറക്കുന്ന ഉത്പന്നങ്ങള്‍ക്ക് ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിന്റെ അംഗീകാരം ലഭിക്കുന്നതുകൊണ്ടുതന്നെ മികച്ച വിപണി ഉറപ്പുവരുത്താന്‍ അവര്‍ക്കു സാധിക്കുന്നു. മേക് ഇന്‍ ഇന്ത്യ, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ എന്നീ ആശയങ്ങള്‍ മുന്‍നിര്‍ത്തി സ്ഥാപിച്ച സ്‌പൈസറി പുതിയ മൂല്യവര്‍ധിത ഉത്പന്നനിര്മാണത്തെയും വിപണനത്തെയുമാണ് ലക്ഷ്യം വയ്ക്കുന്നത്.

കൃഷിരീതികള്‍, ഉത്പന്ന നിര്‍മാണം പാക്കിങ് എന്നിങ്ങനെ എല്ലാ മേഖലകളുടെയും നിലവാരം സാങ്കേതികസഹായത്തിലൂടെ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളും നടീല്‍ വസ്തുക്കളുടെ സാക്ഷ്യപ്പെടുത്തലും സ്‌പൈസറി നടത്തുന്നു.ഒരു ഉല്‍പ്പന്നത്തിന് അംഗീകാരം നല്‍കുന്നതിന് മുന്‍പ് ഉത്പന്നനിര്മാണകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു ഗുണനിലവാരവും മറ്റും ഉറപ്പുവരുത്താറുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. കൃത്യമായ ഇടവേളകളിലുള്ള സന്ദര്‍ശനങ്ങളും ഗുണനിലവാരം പരിശോധിക്കാനുള്ള സംവിധാനവും സ്‌പൈസറിയുടെ പ്രത്യേകതയാണ്.

സര്‍ക്കാര്‍ സര്‍ക്കാരിതര സംരംഭങ്ങളുമായിചേര്‍ന്ന് കൂടുതല്‍ പദ്ധതികള്‍ക്ക് സുഗന്ധവിള ഗവേഷണകേന്ദ്രം രൂപം നല്‍കുന്നുണ്ട്. മലബാര്‍ മേഖല കോഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയന്‍ ലിമിറ്റഡ് (മില്‍മ) യുമായി ചേര്‍ന്നും പുതിയ പദ്ധതികള്‍ക്ക് ഐ.ഐ.എസ്.ആര്‍ രൂപം നല്‍കുന്നു. സുഗന്ധവിള ഉത്പന്നങ്ങളുടെ വിപണനം, സംയോജിത ഗവേഷണം, സംരംഭകത്വ വികസനം എന്നിവയാണ് പ്രധാന പദ്ധതികള്‍. ഇതുമായി ബന്ധപ്പെട്ട ഒരു ധാരണാപത്രം ബുധനാഴ്ച ഒപ്പുവയ്ക്കും.

Tags: