സാമ്പത്തിക പ്രതിസന്ധി; പൈലറ്റുമാരെ നിര്‍ബന്ധിത അവധിക്കയച്ച് സ്‌പൈസ്‌ജെറ്റ്

Update: 2022-09-21 02:25 GMT

ന്യൂഡല്‍ഹി: കടുത്ത സാമ്പത്തിക പ്രതിസന്ധിയും കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ നിയന്ത്രണങ്ങളും മൂലം നട്ടംതിരിയുന്ന സ്‌പൈസ്‌ജെറ്റ് പൈലറ്റുമാരെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചു. 80 പൈലറ്റുമാരെ മൂന്നുമാസത്തേയ്ക്കാണ് നിര്‍ബന്ധിത അവധിയില്‍ വിടുന്നത്. സപ്തംബര്‍ 20 മുതല്‍ മൂന്ന് മാസത്തേക്ക് 40 പൈലറ്റുമാരെയും 40 സഹപൈലറ്റുമാരെയുമാണ് ശമ്പളമില്ലാത്ത നിര്‍ബന്ധിത അവധിയ്ക്ക് അയച്ചത്. ഇവരില്‍ ഭൂരിഭാഗം പേരും പുതുതായി ജോലിയില്‍ പ്രവേശിച്ചവരാണ്. ചെലവ് നിയന്ത്രിക്കുന്നതിനുള്ള താല്‍ക്കാലിക നടപടിയാണ് ഈ നീക്കമെന്ന് ഗുഡ്ഗാവ് ആസ്ഥാനമായുള്ള എയര്‍ലൈന്‍സ് അറിയിച്ചു.

ശമ്പളമില്ലാതെ അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ബന്ധിതരായ പൈലറ്റുമാര്‍ എയര്‍ലൈനിന്റെ ബോയിങ്, ബൊംബാര്‍ഡിയര്‍ ഫ്‌ളൈറ്റില്‍ നിന്നുള്ളവരാണ്. അവധിയിലുള്ള ജീവനക്കാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയും യാത്രാ ആനുകൂല്യങ്ങളും തുടര്‍ന്നും ലഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

കൊവിഡ് മഹാമാരിയുടെ കൊടുമുടിയില്‍ പോലും സ്‌പൈസ് ജെറ്റ് സ്ഥിരജീവനക്കാരെ ആരെയും പിരിച്ചുവിട്ടിരുന്നില്ല. എന്നാലിപ്പോള്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ പശ്ചാത്തലത്തിലാണ് സ്‌പൈസ് ജെറ്റ് കടുത്ത നടപടികളിലേക്ക് കടക്കുന്നത്. ജൂണ്‍ 30ന് അവസാനിച്ച രണ്ടാം പാദത്തില്‍ 784 കോടി രൂപ നഷ്ടം നേരിട്ട സ്‌പൈസ്‌ജെറ്റിന് നിരന്തര സുരക്ഷാ വീഴ്ചകള്‍ മൂലമുള്ള ഡിജിസിഎ നിയന്ത്രണങ്ങള്‍ അനുസരിച്ച് നിലവില്‍ 35 ഫ്‌ളൈറ്റുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്.

അതേസമയം, എയര്‍ലൈനിന്റെ തീരുമാനത്തില്‍ അതൃപ്തിയുമായി ഒരുവിഭാഗം പൈലറ്റുമാര്‍ രംഗത്തുവന്നിട്ടുണ്ട്. വിമാനക്കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധി തങ്ങള്‍ക്കറിയാമായിരുന്നു. പക്ഷേ, പെട്ടെന്നുള്ള തീരുമാനം തങ്ങളില്‍ പലരെയും ഞെട്ടിച്ചു. മൂന്ന് മാസത്തിന് ശേഷം കമ്പനിയുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് അനിശ്ചിതത്വമുണ്ട്. നിര്‍ബന്ധിത അവധിയില്‍ പോവാന്‍ നിര്‍ബന്ധിതരായവരെ ഇനിയും തിരികെ വിളിക്കുമെന്ന് ഉറപ്പില്ല- പൈലറ്റ് പിടിഐയോട് പറഞ്ഞു.

Tags:    

Similar News