സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍ പരിശോധന ശക്തമാക്കി; 184 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

കഴിഞ്ഞ നാല് ദിവസങ്ങളിലായി സംസ്ഥാനത്ത് ആകെ 718 സ്ഥാപനങ്ങളില്‍ ശുചിത്വ പരിപാലനത്തെ സംബന്ധിച്ച് പരിശോധന നടത്തി.

Update: 2020-03-23 15:00 GMT

തിരുവനന്തപുരം: കോവിഡ് 19 ഫലപ്രദമായി പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷ വകുപ്പ് രൂപീകരിച്ച സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍ പരിശോധനകള്‍ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു. കഴിഞ്ഞ നാല് ദിവസങ്ങളിലായി സംസ്ഥാനത്ത് ആകെ 718 സ്ഥാപനങ്ങളില്‍ ശുചിത്വ പരിപാലനത്തെ സംബന്ധിച്ച് പരിശോധന നടത്തി. അതില്‍ 184 സ്ഥാപനങ്ങള്‍ക്ക് ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് നിയമാനുസൃതം നോട്ടിസ് നല്‍കി. കൂടാതെ കോവിഡ് 19 പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ 10 ഇന നിര്‍ദേശങ്ങള്‍ പൊതുജനങ്ങളുടെ അറിവിലേക്കായി നല്‍കുകയും ചെയ്തുവെന്നും മന്ത്രി വ്യക്തമാക്കി.

പൊതുജനങ്ങള്‍ നിരന്തരം ബന്ധപ്പെടേണ്ട ഭക്ഷ്യവിതരണ കേന്ദ്രങ്ങളില്‍ ശുചിത്വ പരിപാലനം ഉറപ്പുവരുത്തുന്നതിനുള്ള ഊര്‍ജ്ജിത നടപടികളാണ് സ്വീകരിച്ചു വരുന്നത്. ഇതനുസരിച്ചാണ് പ്രധാനമായും ആശുപ്രതി, ക്യാന്റീനുകള്‍, പബ്ലിക്ക് ഓഫിസ് ക്യാന്റീനുകള്‍, ജ്യൂസ് വില്‍പ്പന ഷോപ്പുകള്‍, റെയില്‍വേ സ്‌റ്റേഷന്‍, എയര്‍പോര്‍ട്ട് എന്നിവയുടെ പരിസരത്ത് പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലകള്‍ തുടങ്ങിയവയെ പ്രത്യേകം നിരീക്ഷിക്കുകയും പരിശോധന നടത്തുകയും ചെയ്യുന്നത്.

ജീവനക്കാരുടെ വ്യക്തി ശുചിത്വം, കൈ കഴുകുന്നതിനുള്ള സോപ്പ്, ഹാന്റ് വാഷ് എന്നിവയും അണുനാശിനിയായിട്ടുള്ള സാനിറ്റൈസര്‍ എന്നിവ ഈ സ്ഥാപനങ്ങളില്‍ ലഭ്യമാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു.

Tags:    

Similar News