സ്‌പെഷ്യല്‍ റേഷന്‍ അരി നല്‍കുന്നത് തിരഞ്ഞെടുപ്പ് കമ്മിഷന്‍ തടഞ്ഞു; നിയമപരമായി നേരിടുമെന്ന് സംസ്ഥാന ഭക്ഷ്യവകുപ്പ്

Update: 2021-03-27 09:10 GMT

തിരുവനന്തപുരം: വെള്ള, നീല റേഷന്‍ കാര്‍ഡുകാര്‍ക്ക് സ്‌പെഷ്യല്‍ അരി നല്‍കുന്നത് തിരഞ്ഞെടുപ്പ് കമ്മിഷന്‍ തടഞ്ഞു. വിഷു കിറ്റുവിതരണം നീട്ടുകയും ചെയ്തു. ഏപ്രില്‍ ഒന്ന് മുതല്‍ വിഷുക്കിറ്റു വിതരണം ചെയ്യാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. വെള്ള, നീല കാര്‍ഡുകള്‍ക്ക് ഈ മാസം 31ന് മുന്‍പ് 10 കിലോ അരി 15 രൂപ നിരക്കില്‍ നല്‍കാനുള്ള നടപടികളാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞത്. പ്രതിപക്ഷത്തിന്റെ പരാതിയെ തുടര്‍ന്നാണ് നടപടി. എന്നാല്‍ ഈ തീരുമാനത്തെ നിയമപരമായി നേരിടാനാണ് സംസ്ഥാന ഭക്ഷ്യവകുപ്പിന്റെ തീരുമാനം. വിഷുവിനുള്ള ഭക്ഷ്യകിറ്റും മെയ് മാസത്തിലെ ക്ഷേമ പെന്‍ഷനും വോട്ടെടുപ്പിന് തൊട്ടു മുന്‍പ് വിതരണം ചെയ്യുന്നത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കമ്മീഷനില്‍ പ്രതിപക്ഷനേതാവ് പരാതി നല്‍കി. ഏപ്രില്‍ ആറിന് ശേഷം വിതരണം ചെയ്താല്‍ മതിയെന്നായിരുന്നു പരാതി.

Tags: