നിയമസഭാ തിരഞ്ഞെടുപ്പ് : തിരഞ്ഞെടുപ്പ് യോഗങ്ങള്‍ക്ക് പ്രത്യേക സ്ഥലങ്ങൾ അനുവദിക്കും

Update: 2021-03-03 15:38 GMT

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു വിവിധ രാഷ്ട്രീയ പാർട്ടികൾക്ക് യോഗങ്ങൾ ചേരാനുള്ള പ്രത്യേക സ്ഥലങ്ങൾ അനുവദിച്ചു നൽകും. ജില്ലയിലെ ഒമ്പത് നിയോജക മണ്ഡലങ്ങളിലുമായി നിയോഗിച്ചിട്ടുള്ള തിരഞ്ഞെടുപ്പ് റിട്ടേണിങ് ഉദ്യോഗസ്ഥരുടെ അനുമതിയോടെയാകും ഇങ്ങനെ സ്ഥലങ്ങള്‍ അനുവദിക്കുക. ഇതിനായി ഓരോ നിയോജക മണ്ഡലത്തിലും സ്ഥലങ്ങൾ കണ്ടെത്തി നൽകാൻ റിട്ടേണിങ് ഓഫീസര്‍മാര്‍ക്ക് ജില്ല തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ല കളക്ടർ എ അലക്സാണ്ടർ നിർദേശം നൽകി. കളക്ടറേറ്റിൽ ചേർന്ന റിട്ടണിങ് ഉദ്യോഗസ്ഥരുടെയും അസിസ്റ്റന്റ് റിറ്റേണിങ് ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം.

യോഗത്തിൽ സബ് കളക്ടർ എസ് ഇല, ഡെപ്യൂട്ടി കളക്ടർ ( ഇലക്ഷൻ ) ജെ മോബി, ഇലക്ഷൻ സൂപ്രണ്ട് അൻവർ , റിട്ടേണിംഗ് ഉദ്യോഗസ്ഥർ, അസിസ്റ്റന്റ് റിട്ടേണിങ് ഉദ്യോഗസ്ഥർ, പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. 

അതാത് നിയോജക മണ്ഡലങ്ങളിൽ തിരഞ്ഞെടുത്തിട്ടുള്ള സ്ട്രോങ്ങ്‌ റൂമുകളുടെ സജ്ജീകരണങ്ങൾ, ബൂത്ത്‌ മാനേജ്മെന്റ് പ്ലാൻ എന്നിവ വേഗത്തിൽ തീർക്കാനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കോവിഡ് പശ്ചാത്തലത്തിൽ ബൂത്തുകളിൽ തിരഞ്ഞെടുപ്പ് ദിവസം മൂന്ന് പേരെ അധികമായി നിയോഗിക്കും. വോട്ടർമാരെ തെർമൽ സ്കാനർ ഉപയോഗിച്ച് പരിശോധിക്കുന്നതിനായി രണ്ട് പേർ, വോട്ടർമാരുടെ ക്യൂ നിയന്ത്രിക്കുന്നതിനായി ഒരാൾ എന്നിങ്ങനെയാണ് നിയമിക്കേണ്ടത്. അംഗൻവാടി അധ്യാപകർ, ആശാ പ്രവർത്തകർ അല്ലെങ്കില്‍ വോളണ്ടിയര്‍മാര്‍ എന്നിവരെയാണ് ഇതിനായി നിയോഗിക്കുക. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കുള്ള പരിശീലന ക്ലാസ്സ് സമയ ബന്ധിതമായി സംഘടിപ്പിക്കുവാനും കളക്ടർ നിർദേശം നൽകിയിട്ടുണ്ട്.

Tags:    

Similar News