കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ക്ക് മൊബൈല്‍ ഫോണ്‍ എത്തുന്ന വഴികള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം
കണ്ണൂര്‍: സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ക്ക് മൊബൈല്‍ ഫോണ്‍ എത്തുന്ന വഴികള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചു. കണ്ണൂര്‍ സിറ്റി പോലിസ് കമ്മിഷണറുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം. ഒരുവര്‍ഷത്തിനിടെ സെന്‍ട്രല്‍ ജയിലിലെ തടവുകാരില്‍നിന്ന് 30 മൊബൈല്‍ ഫോണുകളോളം പിടിച്ചെടുത്തിരുന്നു. മൊബൈല്‍ ഫോണ്‍ മാത്രമല്ല ഇയര്‍ ഫോണ്‍, ചാര്‍ജറുകള്‍, പവര്‍ബാങ്ക് എന്നിവയും ജയിലില്‍ നിന്ന് പിടികൂടിയിരുന്നു.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് ചാടിയ ഗോവിന്ദച്ചാമി, ജയിലില്‍ മൊബൈല്‍ ഫോണുകള്‍ സുലഭമാണെന്ന് വെളിപ്പെടുത്തിയിരുന്നു. സംഭവങ്ങളില്‍ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടും ഇപ്പോഴും മൊബൈല്‍ ഫോണ്‍ ഉപയോഗം കൂടിവരുന്ന സാഹചര്യത്തിലാണ് അന്വേഷണം ശക്തമാക്കാന്‍ തീരുമാനിച്ചത്.
സെന്‍ട്രല്‍ ജയിലിലേക്ക് മൊബൈല്‍ ഫോണും ലഹരി ഉത്പന്നങ്ങളും മതില്‍വഴി എറിഞ്ഞുകൊടുക്കുന്ന മൂന്നംഗസംഘം കഴിഞ്ഞമാസമാണ് പോലിസ് പിടിയിലായത്. ജയിലിനകത്തെത്തിക്കുന്ന മൊബൈല്‍ ഫോണുകള്‍ തടവുകാര്‍ രഹസ്യമായി ഒളിപ്പിച്ചുവെക്കുന്നതും സാഹസികമായിട്ടാണ്. ആറാം ബ്ലോക്കിന് സമീപത്തെ തെങ്ങിനു മുകളില്‍ ഒളിപ്പിച്ചുവെച്ച നിലയില്‍ വരെ മൊബൈല്‍ ഫോണുകള്‍ ജയില്‍ അധികൃതര്‍ കണ്ടെത്തിയിരുന്നു. എല്ലാ രാഷ്ട്രീയപാര്‍ട്ടികളിലുംപ്പെട്ട തടവുകാര്‍ക്ക് അവരാവശ്യപ്പടുന്ന ഫോണുകള്‍ എത്തിക്കുന്നുണ്ടെന്നാണ് വിവരം.