നിയമസഭാ സാമാജികര്‍ക്ക് പ്രത്യേക കൊവിഡ് പരിശീലന പരിപാടി; സ്പീക്കര്‍ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു

Update: 2021-06-10 05:35 GMT

തിരുവനന്തപുരം: കേരള നിയമസഭാ മീഡിയ ആന്‍ഡ് പാര്‍ലമെന്ററി പ്രാക്ടീസ് പഠന വിഭാഗവും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ ടീമും അമ്യൂസിയം ആര്‍ട്‌സ് ആന്റ് സയന്‍സും സംയുക്തമായി നിയമസഭാ സാമാജികര്‍ക്കായി കൊവിഡ്-19 പരിശീലന പരിപാടി സംഘടിപ്പിച്ചു. നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ലോഞ്ചില്‍ നടന്ന പരിശീലന പരിപാടി സ്പീക്കര്‍ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു.

പൊതുസമൂഹവുമായി നിരന്തര സമ്പര്‍ക്കത്തിലേര്‍പ്പെടുന്നവരായ ജനപ്രതിനിധികള്‍ക്ക് പരിശീലന പരിപാടി കൂടുതല്‍ കൊവിഡ് സുരക്ഷാ അവബോധം നല്‍കുമെന്ന് സ്പീക്കര്‍ അഭിപ്രായപ്പെട്ടു. താനുള്‍പ്പെടെ സഭാംഗങ്ങളില്‍ പലര്‍ക്കും കൊവിഡ് ബാധിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മുഖ്യാതിഥിയായി.

ഡോ. അജിത് കുമാര്‍ ജി, ഡോ. സന്തോഷ് കുമാര്‍ എസ്.എസ് എന്നിവരുടെ നേതൃത്വത്തിലുള്ള ആരോഗ്യ വിദഗ്ദ്ധരുടെ സംഘമാണ് പരിശീലനം നല്‍കിയത്. ശരിയായ സാനിറ്റൈസേഷന്‍, മാസ്‌ക്കുകളുടെ ഉപയോഗം, മാനസികാരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച നടന്നു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നിയമസഭാ സെക്രട്ടറി എസ്.വി. ഉണ്ണികൃഷ്ണന്‍ നായര്‍ സ്വാഗതവും ഡോ. അജിത്കുമാര്‍ കൃതജ്ഞതയും രേഖപ്പെടുത്തി. സാമാജികരുടെ സംശയങ്ങള്‍ക്ക് സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ മറുപടി പറഞ്ഞു.

Similar News