ആരാധനാലയങ്ങളിലെ ഉച്ചഭാഷിണി: മതവിഷയങ്ങളില്‍ ഇടപെടില്ലെന്ന് നിതീഷ് കുമാര്‍
പൂർണ: ആരാധനാലയങ്ങളില്‍ ഉച്ചഭാഷണി ഉപയോഗിക്കുന്നതിനെതിരേ ഹിന്ദുത്വര്‍ പ്രചാരണം ശക്തമാക്കുന്നതിനിടയില്‍ അത്തരം വിഷയങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുന്നത് തള്ളി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. നോര്‍ത്ത് ബീഹാറില്‍ നടന്ന ഒരു സര്‍ക്കാര്‍ പരിപാടിയുടെ ഭാഗമായി നടന്ന ചടങ്ങിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം മണ്ടത്തരങ്ങളെക്കുറിച്ച് നമുക്ക് ചര്‍ച്ച ചെയ്യേണ്ട കാര്യംതന്നെയില്ലെന്നും അദ്ദേഹം പറഞ്ഞു.
'നമുക്ക് ഈ വിഡ്ഢിത്തത്തെക്കുറിച്ച് സംസാരിക്കാതിരിക്കാം. ബീഹാറില്‍ ഞങ്ങള്‍ ഒരു തരത്തിലുള്ള മതപരമായ ആചാരങ്ങളിലും ഇടപെടാറില്ലെന്ന് എല്ലാവര്‍ക്കും അറിയാം. തീര്‍ച്ചയായും, ബഹളമുണ്ടാക്കുന്നത് തങ്ങളുടെ കാര്യമാണെന്ന് ചിലര്‍ കരുതുന്നു, അവര്‍ അത് തുടരുന്നു''- നിതീഷ് കുമാര്‍ പറഞ്ഞു.
ബീഹാറില്‍ യോഗി മോഡല്‍ ഭരണക്രമം കൊണ്ടുവരണമെന്ന ബിജെപി നേതാക്കളുടെ പ്രസ്താവനക്ക് തൊട്ടുപിന്നാലെയാണ് നിതീഷിന്റെ പ്രതികരണം. യുപിയില്‍ ആയിരക്കണക്കിന് ലൗഡ് സ്പീക്കറുകളാണ് നീക്കം ചെയ്യുകയോ ശബ്ദം കുറയ്ക്കുകയോ ചെയ്തത്.
ഇന്ത്യയിലെ വലിയ സംസ്ഥാനമായ യുപിയുടെ അനുഭവങ്ങള്‍ ബീഹാറില്‍ പ്രതിധ്വനിയുണ്ടാക്കണമെന്ന ബിജെപി നേതാവും നിതീഷ് മന്ത്രിസഭയിലെ മന്ത്രിയുമായ ജനക് റാമിന്റെ അഭിപ്രായത്തോടുള്ള പ്രതികരണം കൂടിയായിരുന്നു ഇന്നത്തേതെന്നും സൂചനയുണ്ട്.
ബിജെപിയുമായി സഖ്യമുണ്ടെങ്കിലും പല വിഷയങ്ങളിലും നിതീഷ് കുമാര്‍ അവരുടെ എതിര്‍പക്ഷത്താണ് നിലയുറപ്പിച്ചിരിക്കുന്നത്.
