മാപ്പിളപ്പാട്ടിനെ ജനകീയമാക്കി; പീര്‍ മുഹമ്മദിന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരന്‍ പീര്‍ മുഹമ്മദിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. മാപ്പിളപ്പാട്ടിനെ ജനകീയമാക്കുന്നതില്‍ അദ്ദേഹം വലിയ പങ്കുവഹിച്ചുവെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
സ്പീക്കര്‍ എംബി രാജേഷ്
പ്രസിദ്ധ മാപ്പിളപ്പാട്ട് ഗായകനായ പീര്‍മുഹമ്മദിന്റെ നിര്യാണത്തില്‍ നിയമസഭാ സ്പീക്കര്‍ എംബി രാജേഷ് അനുശോചിച്ചു. മാപ്പിളപ്പാട്ടുകള്‍ക്കിടയിലെ പ്രണയഗാനങ്ങള്‍ ജനകീയവല്‍ക്കരിക്കുന്നതില്‍ പീര്‍മുഹമ്മദിന്റെ പങ്ക് എടുത്തു പറയേണ്ടതാണെന്നും സ്പീക്കര്‍ അനുസ്മരിച്ചു. അദ്ദേഹത്തിന്‍ കുടുംബാംഗങ്ങളുടേയും ആരാധകരുടേയും ദുഖത്തില്‍ സ്പീക്കറും പങ്കു ചേര്‍ന്നു.
മാപ്പിളപ്പാട്ടിന്റെ ലോകത്തെ നിരവധി ഹിറ്റുപാട്ടുകള്‍ക്ക് ഈണമിട്ടിട്ടുള്ള പീര്‍മുഹമ്മദ് വാര്‍ധക്യ സഹചമായ അസുഖങ്ങളെ തുടര്‍ന്ന് ചികില്‍സയിലിരിക്കെയാണ് അന്തരിക്കുന്നത്.
കാഫ് മലകണ്ട പൂങ്കാറ്റേ, ഒട്ടകങ്ങള്‍ വരി വരിയായി തുടങ്ങിയ ഹിറ്റ് പാട്ടുകള്‍ ഈണമിട്ടതും പാടിയതും പീര്‍ മുഹമ്മദാണ്. മലയാളികള്‍ ഇന്നും ഗൃഹാതുരത്തോടെ പാടുന്ന വരികളില്‍ പലതും പീര്‍മുഹദിന്റെ സൃഷ്ടിയാണ്. അക്ഷര ശുദ്ധിയും തെളിഞ്ഞ ശബ്ദവും ഭാവ പ്രകടനങ്ങളും പീര്‍മുഹമ്മദിനെ ശ്രദ്ധേയനാക്കി.