ഇറാനിലേക്ക് പ്രത്യേക പ്രതിനിധിയെ അയയ്ക്കാന്‍ ദക്ഷിണ കൊറിയ

Update: 2026-04-10 05:12 GMT

കൊറിയ: തങ്ങളുടെ കപ്പലുകളുടെ സുരക്ഷിതമായ ഗതാഗതം ഉറപ്പാക്കാന്‍ ഇറാനിലേക്ക് ഒരു പ്രത്യേക പ്രതിനിധിയെ അയയ്ക്കുമെന്ന് ദക്ഷിണ കൊറിയ.

കുവൈത്തില്‍ മുമ്പ് അംബാസഡറായി സേവനമനുഷ്ഠിച്ച ചുങ് ബ്യൂങ്-ഹയെ പ്രത്യേക ദൂതനായി നിയമിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ദക്ഷിണ കൊറിയന്‍ വിദേശകാര്യ മന്ത്രി ചോ ഹ്യൂണും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തെ തുടര്‍ന്നാണ് തീരുമാനം.

ചുങ് ബ്യൂങ്-ഹ ഉടന്‍ തന്നെ തെഹ്റാന്‍ സന്ദര്‍ശിക്കും. അവിടെ ദക്ഷിണ കൊറിയ ഇറാനുമായി മിഡില്‍ ഈസ്റ്റിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാനും അവരുടെ പൗരന്മാരുടെയും കപ്പലുകളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാനും ശ്രമിക്കും.

നിലവില്‍, എണ്ണ ടാങ്കറുകള്‍ ഉള്‍പ്പെടെ 26 ദക്ഷിണ കൊറിയന്‍ കപ്പലുകള്‍ക്ക് ഹോര്‍മുസ് കടലിടുക്ക് വഴി കടന്നുപോകാന്‍ കഴിയുന്നില്ല.

Tags: