പ്രളയാനന്തര കേരളത്തിന്റെ മണ്ണറിവിന് ദക്ഷിണേന്ത്യന്‍ ശാസ്ത്രമേളയില്‍ അംഗീകാരവുമായി ഇഖ്ബാല്‍ മങ്കട

കേരളത്തിലെ സാമൂഹ്യ ശാസ്ത്ര അധ്യാപകരെ പ്രതിനിധീകരിച്ച് മല്‍സരിച്ച ഇഖ്ബാല്‍ മങ്കട പാലാക്കാട് ജില്ലയിലെ കൊപ്പം ഗവ. ഹൈസ്‌കൂളിലെ സാമൂഹ്യ ശാസ്ത്ര അധ്യാപകനാണ്.

Update: 2019-01-12 11:52 GMT

ബെംഗളൂരു: ദക്ഷിണേന്ത്യന്‍ സയന്‍സ് ഫെയര്‍ 2019ല്‍ 'പ്രളയാനന്തര കേരളത്തിലെ മണ്ണറിയണം മണ്ണിനെയറിയണം' എന്ന സാമൂഹ്യ ശാസ്ത്ര പഠന പ്രൊജക്റ്റിന് സാമൂഹ്യശാസ്ത്ര വിഭാഗത്തില്‍ ഒന്നാം സ്ഥാനവും ഓവറോള്‍ വിഭാഗത്തില്‍ മൂന്നാംസ്ഥാനവും നേടി ഇഖ്ബാല്‍ മങ്കട തുടര്‍ച്ചയായി രണ്ടാംതവണയും വിജയിയായി. കേരളത്തിലെ സാമൂഹ്യ ശാസ്ത്ര അധ്യാപകരെ പ്രതിനിധീകരിച്ച് മല്‍സരിച്ച ഇഖ്ബാല്‍ മങ്കട പാലാക്കാട് ജില്ലയിലെ കൊപ്പം ഗവ. ഹൈസ്‌കൂളിലെ സാമൂഹ്യ ശാസ്ത്ര അധ്യാപകനാണ്.

ബംഗളൂരുവിലെ സെന്റ് ജോസഫ് ഇന്ത്യന്‍ ഹൈസ്‌കൂള്‍ അങ്കണത്തില്‍ ഈ മാസം ഏഴു മുതല്‍ 11 വരെയായിരുന്നു സയന്‍സ് ഫെയര്‍ സംഘടിപ്പിച്ചത്. ബാംഗ്ലൂര്‍ വിശ്വേശരയ്യ ഇന്‍ഡസ്ട്രിയല്‍ ആന്റ് ടെക്‌നോളജിക്കല്‍ മ്യൂസിയം, കര്‍ണാടക സര്‍ക്കാരിനു കീഴിലുള്ള കമ്മീഷന്‍ ഓഫ് പബ്ലിക് ഇന്‍സ്ട്രക്ഷന്‍സ്, ആറു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ എന്നിവരാണ് പരിപാടിയുടെ സംഘാടകര്‍.

കണ്ണൂരില്‍ നടന്ന സംസ്ഥാന ശാസ്ത്ര മേളയില്‍ അധ്യാപകരുടെ ടീച്ചിങ് എയ്ഡ് മല്‍സരത്തിലും ഇഖ്ബാല്‍ മങ്കടയുടെ സമാന വിഷയത്തിലുള്ള പഠനസഹായിക്ക് ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. പൂര്‍ണ അര്‍ത്ഥത്തില്‍ മണ്ണിനെ അറിയാനുള്ള ലളിതമായ പഠന സഹായികള്‍ തയ്യാറാക്കിയാണ് മല്‍സരത്തില്‍ ഇഖ്ബാല്‍ മങ്കട വിജയം നേടിയത്.

കഴിഞ്ഞ വര്‍ഷം സെക്കന്തരാബാദില്‍നടന്ന ദക്ഷിണേന്ത്യന്‍ ശാസ്ത്രമേളയില്‍ ഇഖ്ബാല്‍ അവതരിപ്പിച്ച പഠന സഹായികള്‍ക്ക് ബുക്ക് പ്രൈസ് ലഭിച്ചിരുന്നു. സംസ്ഥാന സാമൂഹ്യ ശാസ്ത്ര മേളയുടെ ചരിത്രത്തിലാദ്യമായി ഇഖ്ബാലും മകനും വിവിധ മല്‍സരങ്ങളില്‍ ഒന്നാംസ്ഥാനം നേടിയും റെക്കോര്‍ഡിട്ടുണ്ട്.


വിദ്യാഭ്യാസ ഡയറക്ടര്‍ ലളിത ചന്ദ്രശേഖറില്‍നിന്ന് ഇഖ്ബാല്‍ മാസ്റ്റര്‍ പുരസ്‌കാരം ഏറ്റുവാങ്ങുന്നു.



 





Tags:    

Similar News