നാരദ ഒളികാമറ കേസിലെ പ്രതിയുമായി കൂടിക്കാഴ്ച നടത്തിയ സോളിസിറ്റര്‍ ജനറലിനെ പുറത്താക്കണം; തൃണമൂല്‍ പ്രതിനിധികള്‍ തിങ്കളാഴ്ച രാഷ്ട്രപതിയെ കാണും
ന്യൂഡല്‍ഹി: നാരദ ഒളികാമറ കേസിലെ പ്രതിയുമായി കൂടിക്കാഴ്ച നടത്തിയ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയെ തല്‍സ്ഥാനത്തുനിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച തൃണമൂല്‍ പ്രതിനിധികള്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കാണും.
രാഷ്ട്രപതിയെ കാണാന്‍ ഇന്ന് ചേര്‍ന്ന പാര്‍ട്ടിയോഗമാണ് തീരുമാനിച്ചത്. കൂടിക്കാഴ്ചയ്ക്കുളള അനുമതി രാഷ്ട്രപതി നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച 2.30നാണ് അനുവദിച്ച സമയമെന്ന് തൃണമൂല്‍ എംപി സുഖേന്ദു ശേഖര്‍ റോയി പറഞ്ഞു.
മേത്തയെ സ്ഥാനഭ്രഷ്ടനാക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് വെള്ളിയാഴ്ച തൃണമൂല്‍, പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഒരു കത്തയച്ചിരുന്നു. ഭാരതീയ ജനതാപാര്‍ട്ടി നേതാവ് സുവേന്ദു അധികാരിയുമായി മുതിര്‍ന്ന അഭിഭാഷകന്‍ കൂടിയായ മേത്ത ചട്ടവിരുദ്ധമായി കൂടിക്കാഴ്ച നടത്തിയെന്നാണ് ആരോപണം.
കൂടിക്കാഴ്ച നടന്നെന്ന ആരോപണം തുഷാര്‍ മേത്തയും സുവേന്ദു അധികാരിയും നിഷേധിച്ചു.
ബംഗാളിലെ ബിജെപി നേതാവും പ്രതിപക്ഷ നേതാവുമാണ് സുവേന്ദു അധികാരി.
വെള്ളിയാഴ്ച അധികാരി തന്റെ വസതിയിലെത്തിയിരുന്നെന്നും എന്നാല്‍ താന്‍ മറ്റൊരു പരിപാടിയിലായിരുന്നതിനാല്‍ കാണാന്‍ കഴിഞ്ഞില്ലെന്നും മേത്ത നേരത്തെ പറഞ്ഞിരുന്നു.
നാരദ ഒളികാമറ കേസില്‍ കുറ്റാരോപിതനായ സുവേന്ദു അധികാരി സോളിസിറ്റര്‍ ജനറലിന്റെ വസതിയിലെത്തി വീട്ടില്‍ 30 മിനിറ്റ് ചെലവഴിച്ചു. പിന്നെ ഒന്നും സംഭവിച്ചില്ല, ശരിയാണ്- തൃണമൂല്‍ എംപി മഹുവ മോയിത്ര ബിജെപിയെ പരിഹസിച്ചുകൊണ്ട് ട്വീറ്റ് ചെയ്തു.
2016 നാരദ ഒളിക്കാമറ കേസിലെ പ്രതിയാണ് സുവേന്ദു അധികാരി. കേന്ദ്ര സര്‍ക്കാരിന്റെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ അഭിഭാഷകനാണ് മേത്ത. കൂടാതെ കേസെടുത്തിട്ടുള്ള സിബിഐയെ കല്‍ക്കട്ട ഹൈക്കോടതിയില്‍ പ്രതിനിധീകരിക്കുന്നതും മേത്തയാണ്. കേസിലെ പ്രതിയും സര്‍ക്കാര്‍ വക്കീലും പരസ്പരം കാണുന്നത് ചട്ടവിരുദ്ധമാണെന്നാണ് തൃണമൂലിന്റെ വാദം.
പ്രധാനമന്ത്രിക്കുള്ള കത്തില്‍ പാര്‍ട്ടി എംപിമാരായ ഡെറക്ക് ഒബ്രിയാന്‍, സുകേന്ദു ശേഖര്‍ റോയി, മഹുവ മോയിത്ര എന്നിവരാണ് ഒപ്പുവച്ചത്.
മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി രാഷ്ട്രപതിയെ സമീപിക്കുമെന്ന് ബിജെപി യൂനിറ്റ് മേധാവി ദിലീപ് ഘോഷ് പ്രതികരിച്ചു.

