ആഗസ്ത് 20ന് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ച് സോണിയാ ഗാന്ധി

Update: 2021-08-13 19:26 GMT

ന്യൂഡല്‍ഹി: രാജ്യം ജനാധിപത്യ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സമയത്ത് ഭാവി പരിപാടികള്‍ കൂടിയാലോചനയിലൂടെയും ഐക്യത്തോടെയും തീരുമാനിക്കാന്‍ കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി പ്രതിപക്ഷ കക്ഷികളുടെ യോഗം വിളിച്ചു. നേതാക്കള്‍ ഓണ്‍ലൈന്‍ ആയാണ് പങ്കെടുക്കുക.

യോഗത്തില്‍ പങ്കെടുക്കണമെന്ന് തല്‍പ്പര്യപ്പെടുന്ന കക്ഷികള്‍ക്ക് ക്ഷണക്കത്തുകള്‍ അയച്ചുകഴിഞ്ഞതായി കോണ്‍ഗ്രസ് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. അറിഞ്ഞിടത്തോളം തൃണമൂല്‍ കോണ്‍ഗ്രസ്, ശിവസേന, ഡിഎംകെ തുടങ്ങിയവര്‍ക്ക് കത്തയച്ചിട്ടുണ്ട്. 

പെഗസ് ചാര സോഫ്റ്റ് വെയര്‍ പ്രശ്‌നം, ഡാറ്റ ചോര്‍ച്ച, കര്‍ഷക സമരത്തില്‍ സര്‍ക്കാരിന്റെ സമീപനം തുടങ്ങി സുപ്രധാന വിഷയങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും.

പ്രതിസന്ധി ഘട്ടത്തില്‍ പ്രതിപക്ഷ നേതാക്കള്‍ ഐക്യത്തോടെ നീങ്ങണമെന്ന് സോണിയാഗാന്ധി ആഹ്വാനം ചെയ്തു.

കഴിഞ്ഞ വര്‍ഷകാല സമ്മേളനത്തിലും പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്തമായാണ് ഭരണപക്ഷത്തെ നേരിട്ടത്.

യോഗത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ, എന്‍സിപി നേതാവ് ശരത് പവാര്‍, ശിവസേന നേതാവ് സഞ്ജയ് റാവത്ത്, എന്‍സിപി നേതാവ് സുപ്രിയ സൂല്‍ എന്നിവര്‍ പങ്കെടുക്കും.