സോനം വാങ്ചുക് കേസ്: കേന്ദ്രത്തിന് സുപ്രിംകോടതിയുടെ രൂക്ഷ വിമര്‍ശനം

Update: 2026-02-17 05:47 GMT

ന്യൂഡല്‍ഹി: ലഡാക്കിന്റെ പ്രത്യേക പദവിക്കായി സമരം നടത്തുന്ന സാമൂഹിക പ്രവര്‍ത്തകന്‍ സോനം വാങ്ചുക് സംബന്ധിച്ച കേസില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ സുപ്രിംകോടതി രൂക്ഷ വിമര്‍ശനം ഉയര്‍ത്തി. വാങ്ചുകിന്റെ പ്രസംഗങ്ങളുടെയും മൊഴികളുടെയും ട്രാന്‍സ്‌ക്രിപ്റ്റുകള്‍ സമര്‍പ്പിക്കുന്നതില്‍ ഉണ്ടായ കാലതാമസത്തോടെയാണ് കോടതിയുടെ അതൃപ്തി രേഖപ്പെടുത്തിയത്.

'നാം എഐ യുഗത്തിലാണ് ജീവിക്കുന്നത്. സാങ്കേതികവിദ്യ ഇത്രത്തോളം വളര്‍ന്ന സാഹചര്യത്തില്‍ രേഖകള്‍ തയ്യാറാക്കാന്‍ ആഴ്ചകള്‍ എടുക്കുന്നത് അംഗീകരിക്കാനാവില്ല,' എന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജല്‍ ഭുയാന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് നിരീക്ഷിച്ചു. ആധുനിക സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ച് ഓഡിയോ വീഡിയോ രേഖകള്‍ മിനിറ്റുകള്‍ക്കകം ട്രാന്‍സ്‌ക്രിപ്റ്റുകളാക്കാന്‍ സാധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. ഡിജിറ്റല്‍ യുഗത്തില്‍ ഇത്തരത്തിലുള്ള മെല്ലെപ്പോക്ക് നീതിന്യായ നടപടികളെ ബാധിക്കുന്നുവെന്നും ബെഞ്ച് വ്യക്തമാക്കി.

ലഡാക്കിന് ഭരണഘടനയുടെ ആറാം ഷെഡ്യൂള്‍ പ്രകാരം പ്രത്യേക പദവി നല്‍കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയിലേക്ക് പദയാത്ര നടത്തിയ വാങ്ചുകിനെ നേരത്തെ തടങ്കലില്‍ പാര്‍പ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട നിയമനടപടികളിലാണ് രേഖകള്‍ സമര്‍പ്പിക്കുന്നതില്‍ കേന്ദ്രത്തിന്റെ മെല്ലെപ്പോക്കിനെ കോടതി ചോദ്യം ചെയ്തത്. രേഖകള്‍ പരിശോധിച്ചുവരികയാണെന്നും കൃത്യമായ വിവര്‍ത്തനത്തിനായി സമയം ആവശ്യമാണെന്നുമാണ് സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ ഈ വാദം തള്ളിയ സുപ്രിംകോടതി, അടുത്ത പരിഗണനയ്ക്ക് മുന്‍പായി എല്ലാ രേഖകളും സമര്‍പ്പിക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കി.

Tags: