ബെംഗളൂരു: കര്‍ണാടകയില്‍ വിവാഹാലോചന നടത്താത്തതില്‍ മകന്‍ പിതാവിനെ തലയ്ക്കടിച്ചു കൊന്നു. ചിത്രദുര്‍ഗ ജില്ലയിലെ ഹൊസദുര്‍ഗയിലാണ് സംഭവം. കര്‍ഷകനായ സന്നനിഗപ്പയെ (65) മകന്‍ നിംഗരാജ (36) യാണ് കൊലപ്പെടുത്തിയത്. രാത്രിയില്‍ ഉറങ്ങിക്കിടക്കുന്ന സന്നനിഗപ്പയുടെ തലയില്‍ മകന്‍ കമ്പികൊണ്ട് അടിക്കുകയായിരുന്നെന്ന് പോലിസ് പറഞ്ഞു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
തൊഴില്‍ രഹിതനായ നിംഗരാജയെ സന്നനിഗപ്പ കൃഷി ചെയ്യാന്‍ നിര്‍ബന്ധിച്ചിരുന്നെങ്കിലും നിംഗരാജ തയ്യാറായില്ല. വിവാഹലോചന നടത്താത്തിന്റെ പേരില്‍ ഇരുവരും വഴക്കിടുന്നത് പതിവായിരുന്നു. 'നിങ്ങള്‍ക്ക് രണ്ടു ഭാര്യമാരുണ്ട് തനിക്ക് ഒരു ഭാര്യ പോലുമില്ലെന്ന്' ആക്രോശിച്ചാണ് നിംഗരാജ പിതാവിനെ ആക്രമിച്ചത്. സിംഗരാജയുടെ മൂത്തസഹോദരനാണ് കൊലപാതകവിവരം പോലിസിനെ അറിയിച്ചത്. ഇയാളുടെ പരാതിയില്‍ കേസെടുത്ത പോലിസ് നിംഗരാജയെ അറസ്റ്റ് ചെയ്തു.