ജനങ്ങളുടെ മുറവിളിക്ക് പരിഹാരം; ചെട്ടിപ്പടി റെയില്‍വെ മേല്‍പ്പാലം ഒരു വര്‍ഷം കൊണ്ട് പണി പൂര്‍ത്തിയാവും
പരപ്പനങ്ങാടി: ദീര്‍ഘകാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് നഗരസഭയിലെ രണ്ടാമത്തെ മേല്‍പ്പാലവും യാഥാര്‍ഥ്യമാവുന്നു. കിഫ്ബി ധനസഹായത്തോടെയാണ് പണി പൂര്‍ത്തിയാക്കുക. 15.97 കോടി രൂപയാണ് എസ്റ്റിമേറ്റ് തുക. ഒരു വര്‍ഷംകൊണ്ട് പൂര്‍ത്തിയാകാനാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
കേരള റോഡ്‌സ് ആന്റ്ബ്രിഡ്ജസ് കോര്‍പ്പറേഷനാണ് നിര്‍മാണച്ചുമതല. മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണത്തിലുണ്ടാവുന്ന കാലതാമസം ഒഴിവാക്കുന്നതിന് സ്റ്റീല്‍ കോണ്‍ക്രീറ്റ് കമ്പോസ്റ്റ് സ്‌ട്രെക്ചര്‍ ഉപയോഗിച്ച് ഇപിസി. മാതൃകയിലാണ് നിര്‍മാണം നടത്തുന്നത്.
മുന്‍ എംഎല്‍എ പി കെ അബ്ദുറബ്ബിന്റെ നേതൃത്വത്തില്‍ സാങ്കേതിക വിദഗ്ദ്ധരുടെ സ്ഥല പരിശോധനക്ക് ശേഷമാണ് 2017ല്‍ മണ്ണു പരിശോധന പൂര്‍ത്തിയാക്കിയത്. റെയില്‍വേക്ക് വേണ്ടി കേരള സര്‍ക്കാര്‍ സ്ഥാപനമായ കേരള ഇന്‍ട്രസ്രിയല്‍ ആന്റ് ടെക്‌നിക്കല്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് മണ്ണ് പരിശോധന നടത്തിയത്.
സ്ഥലമുടമകളില്‍ നിന്ന് ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി രേഖകള്‍ സര്‍ക്കാരിനു വേണ്ടി മുന്‍മന്ത്രി പി കെ അബ്ദുറബ്ബ് ഏറ്റുവാങ്ങിയിരുന്നു. എന്നാല്‍ കൊറോണ കാരണം മറ്റു പ്രവര്‍ത്തനങ്ങള്‍ വൈകുകയായിരുന്നു. ഇപ്പോള്‍ മേല്‍പ്പാലത്തിന് വേണ്ടി അമ്പതോളം മരങ്ങള്‍ മുറിച്ചുമാറ്റി. കെട്ടിടങ്ങളും പൊളിച്ചുമാറ്റി. ചില കെട്ടിടങ്ങള്‍ പൊളിക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നുണ്ട്.
ഏറ്റവും തിരക്കേറിയ ചമ്രവട്ടം പാതയിലെ ചെട്ടിപ്പടി റെയില്‍വെ ലെവല്‍ക്രോസ് മിക്കസമയവും അടച്ചിടുന്നതിനാല്‍ ഇവിടെ ഗതാഗതക്കുരുക്ക് പതിവാണ്.
