ഖരദ്രവമാലിന്യസംസ്‌ക്കരണ സംവിധാനങ്ങള്‍ സാര്‍വ്വത്രികമാക്കി; ഇടുക്കി ജില്ല ഒഡിഎഫ് പ്ലസ്സ് പദവിയിലേക്ക്

Update: 2021-08-05 17:28 GMT

ഇടുക്കി:എല്ലാ വീടുകള്‍ക്കും ശുചിമുറി സംവിധാനം ഉറപ്പാക്കി വെളിയിട വിസര്‍ജന മുക്തമായതിനു പിന്നാലെ ഇടുക്കി ജില്ല ഒ ഡിഎഫ് പ്ലസ്സ് പദവി നേടാനൊരുങ്ങുന്നു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജില്ലാ ശുചിത്വ മിഷന്‍ നടത്തി വരുന്ന പ്രവര്‍ത്തനത്തിലൂടെയാണ് ഈ നേട്ടത്തിലേക്ക് അടുക്കുന്നത്.

ഗ്രാമങ്ങളെ മാലിന്യ മുക്തമാക്കി ശുചിത്വ സുന്ദരമാക്കുകയാണ് ലക്ഷ്യം. ഖരദ്രവമാലിന്യസംസ്‌ക്കരണ സംവിധാനങ്ങള്‍ സാര്‍വ്വത്രികമാക്കുന്നതിലൂടെ ശാസ്ത്രീയ മാലിന്യ സംസ്‌ക്കരണം ഉറപ്പാക്കി പൊതു ഇടങ്ങളെ മാലിന്യ മുക്തമാക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ജില്ലയിലെ 52 ഗ്രാമ പഞ്ചായത്തുകളിലും വില്ലേജടിസ്ഥാനത്തില്‍ ഒഡിഎഫ് പ്ലസ്സിനായുള്ള അനിവാര്യ മാനദണ്ഡങ്ങള്‍ നടപ്പിലാക്കും. 

എല്ലാ കുടുംബങ്ങള്‍ക്കും വൃത്തിയുള്ള ശുചിമുറി സൗകര്യം ഉറപ്പാക്കുന്നതിനും പുറമേ പഞ്ചായത്തുകളില്‍ ആവശ്യാനുസരണം കൃത്യമായി പരിപാലിക്കുന്ന വൃത്തിയും വെടിപ്പുമുള്ള പൊതുശൗചാലയങ്ങള്‍ , സ്‌കൂളുകള്‍, പഞ്ചായത്ത് ആസ്ഥാനം എന്നിവിടങ്ങളില്‍ പ്രത്യേകം ശുചിമുറികള്‍, മലിനജലം കെട്ടി നില്‍ക്കാതെയും മാലിന്യ കൂമ്പാരങ്ങളില്ലാതെയും വൃത്തിയായി സൂക്ഷിച്ചിരിക്കുന്ന പൊതു ഇടങ്ങള്‍ എന്നിവ കൂടി ഉറപ്പാക്കും. കൂടാതെ ഗ്രാമപഞ്ചായത്തുകളിലെ 80 ശതമാനം വീടുകളിലും എല്ലാ സ്‌കൂളുകളിലും അംഗന്‍വാടികളിലും ഖരദ്രവ മാലിന്യ സംസ്‌ക്കരണ സംവിധാനങ്ങളും ഉണ്ടായിരിക്കണമെന്നു നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.

പൊതു മാലിന്യ സംസ്‌ക്കരണത്തിനായി തൂമ്പൂര്‍മുഴി മാതൃകയിലുള്ള എയറോബിക് കമ്പോസ്റ്റിംഗ് സംവിധാനങ്ങളോ ഗോബര്‍ധന്‍ മാതൃകയിലുള്ള ബയോഗ്യാസ് പ്ലാന്റുകളോ അനുയോജ്യമായവ സ്ഥാപിക്കേണ്ടതാണ്. ദ്രവമാലിന്യ സംസ്‌ക്കരണത്തിനായി കമ്മ്യൂണിറ്റി സോക്ക് പിറ്റുകളും പ്ലാസ്റ്റിക് മാലിന്യ ശേഖരണത്തിനും സംഭരണത്തിനുമായി മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റികളും ഉണ്ടായിരിക്കണം. കൂടാതെ എല്ലാ ഗ്രാമപഞ്ചായത്തുകളും 80 ശതമാനം വീടുകളില്‍ എങ്കിലും ഹരിതകര്‍മ്മസേനയുടെ വാതില്‍പ്പടി സേവനം ലഭ്യമാണന്ന് ഉറപ്പ് വരുത്തുന്നതിനോടൊപ്പം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശുചിത്വ ബോധവത്ക്കരണ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്ന ബോര്‍ഡുകള്‍, ചുവരെഴുത്തുകള്‍ മുതലായവ കൂടി പ്രദര്‍ശ്ശിപ്പിച്ചിട്ടുണ്ടങ്കില്‍ മാത്രമേ ഛഉഎ പ്ലസ്സ് പദവി കൈവരിക്കാനാവൂ. വരും വര്‍ഷങ്ങളില്‍ കേന്ദ്ര ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് ഉള്‍പ്പെടെയുള്ള ധനസഹായങ്ങള്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് ലഭിക്കണമെങ്കില്‍ ഒഡി എഫ് പ്ലസ്സ് സര്‍ട്ടിഫിക്കറ്റ് കൂടിയേ തീരു എന്നതിനാല്‍ പഞ്ചായത്തുകള്‍ ആവശ്യമായ തുടര്‍പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന് ജില്ലാ ശുചിത്വമിഷന്‍ കോര്‍ഡിനേറ്റര്‍ അറിയിച്ചു. ദേശീയ ഹരിത ട്രിബ്യൂണലിന്റെ പിഴ ഒഴിവാക്കുന്നതിനും ഒഡി എഫ് പ്ലസ്സ് നേട്ടം കൈവരിക്കുന്നത് സഹായമാകും . ഗ്രാമപഞ്ചായത്തുകള്‍ക്ക് ആവശ്യാനുസരണം ഖരദ്രവ മാലിന്യ സംസ്‌ക്കരണ സംവിധാനങ്ങള്‍ , പൊതുശൗചാലയങ്ങള്‍ എന്നിവ ഉറപ്പാക്കുന്നതിന് സ്വച്ഛ് ഭാരത് മിഷന്‍ ഫണ്ട്, പ്ലാന്‍ ഫണ്ട് , തനത് ഫണ്ട് , ശുചിത്വ കേരളം ഫണ്ട്, ധനകാര്യ കമ്മീഷന്‍ ഫണ്ട് ഇവ ഉപയോഗിച്ച് പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പിലാക്കാവുന്നതാണ്. 

Tags: