വഴിചോദിച്ചെത്തി അധ്യാപികയുടെ സ്വര്‍ണമാല പിടിച്ചുപറിച്ചു; യുവ സൈനികന്‍ അറസ്റ്റില്‍

Update: 2022-06-22 17:32 GMT

ഇരിട്ടി: കാറിലെത്തി വഴിചോദിച്ച ശേഷം അധ്യാപികയുടെ സ്വര്‍ണമാല പിടിച്ചു പറിച്ച് കടന്നുകളഞ്ഞ യുവസൈനികനെ ഇരിട്ടി പോലിസ് അറസ്റ്റ് ചെയ്തു. ഉളിക്കല്‍ കേയാപറമ്പിലെ സെബാസ്‌ററ്യന്‍ ഷാജി (27) ആണ് അറസ്റ്റിലായത്. വള്ളിത്തോട്ടിലെ റിട്ട. അധ്യാപിക ഫിലോമിനാ സെബാസ്റ്റ്യന്റെ കഴുത്തിലലിഞ്ഞ മാലയാണ് ഇയാള്‍ പിടിച്ചുപറിച്ച് കടന്നുകളഞ്ഞത്.

ചൊവ്വാഴ്ച ഉച്ചയോടെ വള്ളിത്തോട്ടിലെ ആളൊഴിഞ്ഞ വഴിയായ കല്ലന്തോട് 32ാം മൈലില്‍ റോഡിലെ ഫിലോമിനയുടെ വീട്ടിന് മുന്നില്‍ വച്ചായിരുന്നു സംഭവം. റോഡിലുണ്ടായിരുന്ന ഫിലോമിനയോട് കാറില്‍ എത്തിയ സെബാസ്‌ററ്യന്‍ ഷാജി ഒരു മേല്‍വിലാസം ചോദിക്കുകയായിരുന്നു. ഇരുവരും സംസാരിച്ചതിനുശേഷം ഷാജി തിരിച്ചു പോകുന്നതിനിടയില്‍ പെട്ടെന്ന് ഫിലോമിനയുടെ കഴുത്തിലെ മാല പിടിച്ചു പറിക്കുകയായിരുന്നു.

എന്നാല്‍ അഞ്ച് പവനോളം വരുന്ന സ്വര്‍ണമാലയിലെ കുരിശ് താലി മാത്രമേ ഷാജിക്ക് ലഭിച്ചിട്ടുള്ളൂ. ഇത് കൈക്കലാക്കിയാണ് ഇയാള്‍ കടന്നുകളഞ്ഞുത്. ഫിലോമിന ബഹളം വെച്ചതോടെ ഓടിക്കൂടിയ നാട്ടുകാര്‍ പൊലിസില്‍ വിവരമറിയിച്ചു.

ഈ സംഭവം നടക്കുന്നതിന് തൊട്ട് മുന്‍പേ ഇയാള്‍ സമീപത്തുള്ള ഒരു വീട്ടില്‍ എത്തിയതായി അറിഞ്ഞു. പരിചയമില്ലാത്ത കാര്‍ കണ്ട്

സംശയം തോന്നിയ യുവാക്കള്‍ ഈ കാറിന്റെ നമ്പര്‍ ശ്രദ്ധിച്ചിരുന്നു. ഇതുപ്രകാരം ഇരിട്ടി പോലിസ് നടത്തിയ അന്വേഷണത്തിലാണ് ശ്രീകണ്ഠാപുരത്ത് വച്ച് കാറുമായി ഇയാള്‍ പിടിയിലാകുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പയ്യാവൂരില്‍ വെച്ച് ഒരു വീട്ടില്‍ കയറി ഒരു വയോധികയുടെ മാല മോഷ്ടിച്ചതും താനാണെന്ന് ഇയാള്‍ സമ്മതിച്ചു.

ഇരിട്ടി പയഞ്ചേരിയില്‍ നിന്നും വാടകക്കെടുത്ത കാറിലാണ് ഇയാള്‍ എത്തിയത്. മൂന്ന് ദിവസമായി മാടത്തിലെ ഒരു ലോഡ്ജില്‍ യുവതിയുമായി ഇയാള്‍ കഴിഞ്ഞുവരികയാണെന്നും പോലിസ് പറഞ്ഞു. കാര്‍ഗിലില്‍ സൈനിക ജോലിക്കിടെ ഒരു മാസത്തെ അവധിയില്‍ നാട്ടില്‍ വന്നതാണ് ഇയാള്‍. ഇരിട്ടി സിഐ കെ. ജെ. ബിനോയിയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടികൂടിയത്.