സോളാര്‍ മാനനഷ്ടക്കേസ്; വിഎസ്സിനെതിരേ ആഞ്ഞടിച്ച് മുന്‍ എംഎല്‍എ വി ടി ബല്‍റാം
തൃശൂര്‍; രാഷ്ട്രീയ എതിരാളികളെ ഹീനമായ നുണപ്രചാരണങ്ങള്‍ കൊണ്ട് അവഹേളിക്കാന്‍ എന്നും മുന്നില്‍ നിന്നിട്ടുള്ളത് സിപിഎമ്മും അതിന്റെ നേതാക്കളും തന്നെയാണെന്നും ആ രീതി ഏറ്റവും കൂടുതല്‍ ഉപയോഗിച്ച നേതാവാണ് വിഎസ്സെന്നും കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം. അഴിമതി ആരോപണങ്ങള്‍ മാത്രമല്ല, ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തേക്കുറിച്ച് പോലും നിയമസഭയില്‍ വഷളത്തരം പറഞ്ഞത് ഇതേ അച്യൂതാനന്ദനാണെന്നും ഇതേ രീതി എ കെ ആന്റണിക്കെതിരേയും വിഎസ്സ് പുലര്‍ത്തിയെന്നും ബല്‍റാം ഫേസ് ബുക്കില്‍ എഴുതിയ കുറിപ്പില്‍ ബല്‍റാം കുറ്റപ്പെടുത്തി.
സോളാര്‍ ഇടപാടില്‍ ഉമ്മന്‍ചാണ്ടി അഴിമതി നടത്തിയെന്ന വിഎസ്സിന്റെ പരാമര്‍ശത്തിനെതിരെയുള്ള ഹരജിയില്‍ ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായി വിധി പുറത്തുവന്ന സാഹചര്യത്തിലാണ് ബല്‍റാമിന്റെ പ്രതികരണം. സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടി അഴിമതി നടത്തിയെന്ന വിഎസിന്റെ പ്രസ്താവനക്കെതിരെയാണ് ഉമ്മന്‍ ചാണ്ടി കോടതിയെ സമീപിച്ചത്. തിരുവനന്തപുരം സബ് കോടതിയാണ് കോണ്‍ഗ്രസ് നേതാവിന് അനുകൂലമായി വിധി പുറപ്പെടുവിച്ചത്. വിഎസ്, ഉമ്മന്‍ചാണ്ടിക്ക് 10,10,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ് കോടതി ഉത്തരവിട്ടു.
''രാഷ്ട്രീയ എതിരാളികളെ ഹീനമായ നുണ പ്രചാരണങ്ങള്‍ കൊണ്ട് അവഹേളിക്കാന്‍ എന്നും മുന്നില്‍ നിന്നിട്ടുള്ളത് സിപിഎമ്മും അതിന്റെ നേതാക്കളും തന്നെയാണ്. നട്ടാല്‍ കുരുക്കാത്ത നുണകളും അത് നൂറ്റൊന്ന് ആവര്‍ത്തിക്കാന്‍ ഉളുപ്പില്ലാത്ത അണികളുമാണ് ലോകത്തെമ്പാടും കമ്മ്യൂണിസ്റ്റുകളുടെ ഏറ്റവും വലിയ ആയുധം. തങ്ങളില്‍പ്പെടാത്തവരെല്ലാം അപരന്മാരാണെന്നും അവര്‍ ഏത് വിധേനയും ഇല്ലാതാക്കപ്പെണ്ടേവരാണെന്നുമുള്ള അങ്ങേയറ്റത്തെ അസഹിഷ്ണുതയാണ് ഒരു കമ്മ്യൂണിസ്റ്റിന്റെ അടിസ്ഥാന മനോഭാവം. ആ ഉന്മൂലന ലക്ഷ്യം നേടിയെടുക്കാന്‍ ഏത് മാര്‍ഗവും സ്വീകാര്യമാണ് എന്നാണവരുടെ വിശ്വാസപ്രമാണം.
''കേരളത്തില്‍ മിക്കപ്പോഴും കോണ്‍ഗ്രസും അതിന്റെ നേതാക്കളുമാണ് സിപിഎമ്മിന്റെ ഈ വേട്ടയാടലിന്റെ ഇരകളാകാറുള്ളത്. നേരിട്ടുള്ള കായികാക്രമണമായാലും ശരി, വ്യക്തിഹത്യയിലൂടെയുള്ള വായടപ്പിക്കലായാലും ശരി. വല്ലപ്പോഴും ഏതെങ്കിലും കോണ്‍ഗ്രസുകാരന്‍ ഗതികെട്ട് അതേ നാണയത്തില്‍ തിരിച്ച് പ്രതികരിച്ചാല്‍ പിന്നെ അതാണ് ലോകത്തിലെ ഏറ്റവും വലിയ അപരാധമെന്ന് വരുത്തിത്തീര്‍ക്കാനും അത് നിരന്തരം ആവര്‍ത്തിച്ച് പൊതുബോധത്തിന്റെ ഭാഗമാക്കാനും സിപിഎം മെഷിനറി ഓവര്‍ടൈം വര്‍ക്ക് ചെയ്യും. എന്നാല്‍ മഹാത്മാഗാന്ധിയെ വരെ 'വാര്‍ദ്ധയിലെ കള്ളന്‍' എന്നും സുഭാഷ് ചന്ദ്ര ബോസിനെ 'ജപ്പാന്‍കാരുടെ കാല്‍നക്കി' എന്നുമൊക്കെ വിളിച്ച് സ്വാതന്ത്ര്യ സമര കാലത്ത് തന്നെ രാഷ്ട്രീയത്തിലെ വ്യക്തിഹത്യയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത് കമ്മ്യൂണിസ്റ്റുകളാണെന്ന ചരിത്രങ്ങള്‍ ബാക്കി നില്‍ക്കുകയാണ്.
''സി പി എമ്മിന്റെ ഈ നുണ പ്രചരണ/വ്യക്തിഹത്യാ ശൈലി സമീപകാലത്ത് ഏറ്റവുമധികം ഉപയോഗിച്ച രാഷ്ട്രീയ നേതാവ് വി എസ് അച്യുതാനന്ദനാണ്. ഇപ്പോള്‍ കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ട അടിസ്ഥാന രഹിതമായ അഴിമതി ആരോപണങ്ങള്‍ മാത്രമല്ല, ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തേക്കുറിച്ച് പോലും നിയമസഭയില്‍ വഷളത്തരം പറഞ്ഞത് ഇതേ അച്ചുതാനന്ദനാണ്. എകെ ആന്റണിയെ ബോഡി ഷെയ്മിംഗ് നടത്തി അധിക്ഷേപപ്പേര് വിളിച്ചതും അച്യുതാനന്ദന്‍ തന്നെയാണ്. സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളുടെ കാര്യത്തില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചിട്ടും തനിക്കെതിരെ മത്സരിച്ച വനിതാ സ്ഥാനാര്‍ത്ഥിയെ അടക്കം ഹീനമായി അവഹേളിച്ചിട്ടും കേരള രാഷ്ട്രീയത്തിലെ വിശുദ്ധ പശുവായി മാധ്യമ പരിലാളനകള്‍ അനുഭവിക്കാന്‍ അദ്ദേഹത്തിന് എപ്പോഴും ഭാഗ്യമുണ്ടായിട്ടുണ്ട്. ഏതായാലും അച്ചുതാനന്ദന്റെ ഈ പെരും നുണകളുടെ രാഷ്ട്രീയ ഗുണഭോക്താക്കള്‍ എന്ന നിലയില്‍ സിപിഎം എന്ന പാര്‍ട്ടി തന്നെയാണ് ഉമ്മന്‍ ചാണ്ടിയോട് മാപ്പു പറയാന്‍ തയ്യാറാവേണ്ടത്. അല്ലെങ്കില്‍ത്തന്നെ കെഎം മാണിയുടെ മകനെയും കൂട്ടരേയും കൂടെക്കൂട്ടിയതോടെ അഴിമതിക്കാര്യത്തില്‍ അന്ന് സിപിഎം പറഞ്ഞിരുന്നതൊക്കെ ഒട്ടും ആത്മാര്‍ത്ഥതയില്ലാതെയായിരുന്നു എന്ന് തെളിഞ്ഞു കഴിഞ്ഞതാണല്ലോ!- ബല്‍റാം ഫേസ് ബുക്കില്‍ എഴുതി.

