'രണ്ട് പീസ് ബ്രഡിനിടയില്‍ ജാം തേച്ചപോലെ'; ശ്രീജിത് പണിക്കരുടെ റേപ് ജോക്കിനെതിരേ പരാതിയുമായി ആലപ്പുഴയിലെ സന്നദ്ധപ്രവര്‍ത്തക രേഖ
ആലപ്പുഴ കൊവിഡ് സെന്ററില്‍ അത്യാസന്ന നിലയിലായ രോഗിയെ ബൈക്കില്‍ ആശുപത്രിയിലെത്തിച്ച സന്നദ്ധപ്രവര്‍ത്തകര്‍ക്കെതിരേയാണ് സംഘപരിവാര നിരീക്ഷകന്‍ ശ്രീജിത് പണിക്കര്‍ ഫേസ് ബുക്കില്‍ അശ്ലീലപരാമര്‍ശം നടത്തിയത്.
തിരുവനന്തപുരം: ആലപ്പുഴയില്‍ കൊവിഡ് രോഗിയെ ബൈക്കില്‍ ആശുപത്രില്‍ കൊണ്ടുപോയ സംഭവത്തില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ സംഘപരിവാര അനുകൂല നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍ക്കെതിരെ പരാതി നല്‍കി സന്നദ്ധ പ്രവര്‍ത്തക രേഖ പി മോള്‍. രണ്ട് പീസ് ബ്രഡിനിടയില്‍ ജാം തേച്ചതുപോലെ എന്നുതുടങ്ങി അശ്ലീല പരാമര്‍ശമായിരുന്നു ശ്രീജിത്ത് പണിക്കര്‍ നടത്തിയത്. സന്നദ്ധപ്രവര്‍ത്തകരായ ആലപ്പുഴ ഭഗവതിക്കല്ല് സ്വദേശികളായ രേഖയും അശ്വിന്‍ കുഞ്ഞുമോനുമായിരുന്നു കഴിഞ്ഞ ദിവസം അത്യാസന്ന നിലയിലായ കൊവിഡ് രോഗിയെ സ്‌കൂട്ടറിലിരുത്തി തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചത്.
'എസി റൂമിലിരുന്ന് എന്തും വിളിച്ചുപറയാന്‍ എളുപ്പമാണ്. റിസ്‌കെടുത്താണ് ഞങ്ങള്‍ ഓരോ കാര്യങ്ങളും ചെയ്യുന്നത്. സന്നദ്ധ പ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങുന്ന സ്ത്രീകളെ അപമാനിക്കുന്ന പരാമര്‍ശമാണ് ശ്രീജിത്ത് പണിക്കര്‍ നടത്തിയത്. ഞങ്ങളുടേത് നാട്ടിന്‍ പുറമാണ്. ഞങ്ങളെ വിശ്വസിച്ചാണ് വീട്ടിലെ കുട്ടികളെ രക്ഷിതാക്കള്‍ സന്നദ്ധ പ്രവര്‍ത്തനത്തിന് പറഞ്ഞയക്കുന്നത്. നാളെ തങ്ങളുടെ കുട്ടികളെക്കുറിച്ചും ഇങ്ങനെ പറയുമോ എന്ന വേവലാതി അവര്‍ക്കുണ്ടാവും' രേഖ പറഞ്ഞു.
മഹാമാരിയുടെ സമയത്ത് ഇറങ്ങിപ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തകരുടെ മനോവീര്യത്തെ തകര്‍ക്കുന്ന പരാമര്‍ശമാണ് ശ്രീജിത്ത് പണിക്കര്‍ നടത്തിയത്. അതുകൊണ്ടാണ് പരാതി നല്‍കാന്‍ തീരുമാനിച്ചതെന്നും രേഖ പറഞ്ഞു.
പത്തുമിനുട്ട് ആംബുലന്‍സിന് കാത്തുനിന്നാല്‍ രോഗിയുടെ ജീവന്‍ നഷ്ടപ്പെട്ടേക്കുമെന്ന ഭയമാണ് അത്തരമൊരു സാഹസത്തിന് പ്രേരിപ്പിച്ചത്. ബൈക്കില്‍ മരണാസന്നനായ രോഗിയെ കൊണ്ടുപോയതിനെ ബ്രഡ്ഡിലെ ജാം എന്നൊക്കെ എങ്ങനെയാണ് ഒരു മനുഷ്യന് ഉപമിക്കാന്‍ കഴിയുകയെന്നും രേഖ ചോദിക്കുന്നു.
കഴിഞ്ഞ ദിവസമാണ് പുന്നപ്രയിലെ കൊവിഡ് രോഗികളെ താമസിപ്പിക്കുന്ന ഡിസിസി സെന്ററില്‍നിന്നും അത്യാസന്ന നിലയിലായിരുന്ന രോഗിയെ രേഖയും അശ്വിനും ചേര്‍ന്ന് സ്‌കൂട്ടറില്‍ ആശുപത്രിയിലെത്തിച്ചത്. ഈ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചപ്പോഴായിരുന്നു റേപ് ജോക്ക് അടങ്ങിയ ശ്രീജിത്ത് പണിക്കരുടെ പരാമര്‍ശം. തുടര്‍ന്ന് സംഘപരിവാര്‍ അനുകൂലിയായ ശ്രീജിത്ത് പണിക്കര്‍ക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധമാണുയരുന്നത്. ഇനി ശ്രീജിത്ത് പണിക്കരുള്ള പാനലില്‍ ചര്‍ച്ചയ്ക്ക് ഇരിക്കില്ലെന്ന് പലരും ഇതിനകം വ്യക്തമാക്കിക്കഴിഞ്ഞു.
നേരത്തെ കേന്ദ്രസര്‍ക്കാര്‍ കമ്പനികള്‍ക്ക് പണം നല്‍കി നിര്‍മിക്കുന്ന വാക്‌സിന്‍ സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി നല്‍കണമെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരേ, കെഎസ്ആര്‍ടിസി സര്‍ക്കാരിന്റേതായതിനാല്‍ ടിക്കറ്റെടുക്കാതെ യാത്ര ചെയ്യാന്‍ കഴിയുമോ.. തുടങ്ങി സാമാന്യ ബുദ്ധിയെ പരിഹസിക്കുന്ന നിലപാടാണ് സംഘപരിവാര്‍ അനുകൂലിയായ പണിക്കര്‍ നടത്തുന്നത്.
ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക് പോസ്റ്റ്
ആംബുലന്‍സ് ഇല്ലാത്തതിനാല്‍ സര്‍ക്കാര്‍ ചുമതലയിലുള്ള ട്രീറ്റ്‌മെന്റ് സെന്ററില്‍ നിന്നും ബൈക്കില്‍ കൊവിഡ് രോഗിയെ ആശുപത്രിയില്‍ എത്തിച്ചെന്ന വാര്‍ത്ത കണ്ടു.
സര്‍ക്കാരിനെ അപമാനിക്കാനുള്ള ഇത്തരം കുത്സിത റിപോര്‍ട്ടിങ് അവസാനിപ്പിക്കണം. ശരിയായ ഉദ്ദേശമാണ് ബൈക്ക് ആംബുലന്‍സിനു പിന്നില്‍ ഉള്ളത്.
ആംബുലന്‍സ് അടച്ചിട്ട വാഹനമാണ്. അതില്‍ രോഗിക്ക് ശ്വാസംമുട്ട് അനുഭവപ്പെട്ടാല്‍ ആര് സമാധാനം പറയും, പ്രത്യേകിച്ച് ഓക്‌സിജന്‍ സിലിണ്ടര്‍ ക്ഷാമം ഉള്ളപ്പോള്‍. ബൈക്ക് തുറസ്സായ വാഹനമാണ്. യഥേഷ്ടം ഓക്‌സിജന്‍ വലിച്ചു കയറ്റാം.
നിലവിളിശബ്ദം ഇട്ടാലും ആംബുലന്‍സ് ആയാല്‍ മാര്‍ഗ്ഗമധ്യേ തടസ്സങ്ങള്‍ ഉണ്ടായേക്കാം. ബൈക്ക് ഊടുവഴികളിലൂടെ ശടേന്ന് ആശുപത്രിയില്‍ എത്തും.
ഓടിക്കുന്ന ആളിനും പിന്നില്‍ ഇരിക്കുന്ന ആളിനും മദ്ധ്യേ രോഗിയെ വെച്ചിരിക്കുന്നതിനാല്‍ ആവശ്യമായ പരിചരണവും കരുതലും ഒപ്പമുണ്ട്. രണ്ടു പീസ് ബ്രഡിന്റെ ഇടയില്‍ ജാം തേച്ചത് സങ്കല്പിക്കുക.
വര്‍ധിച്ചുവരുന്ന ഇന്ധനവില കാരണം ബൈക്കാണ് കൂടുതല്‍ ലാഭകരം. മെയിന്റനന്‍സ് കുറവ്. പ്രകൃതി സംരക്ഷണം. കൂടുതല്‍ വാഹന ലഭ്യത. പാര്‍ക്കിങ് സൗകര്യം. എമര്‍ജന്‍സി റൂമിനുള്ളിലേക്ക് ഓടിച്ചുകയറ്റാമെന്ന സൗകര്യം. തന്നെയുമല്ല, ആലപ്പുഴയ്ക്ക് മുകളിലെ ഓസോണ്‍ പാളിയിലെ വിള്ളല്‍ വരെ ഈ ഒറ്റ സംഭവം കൊണ്ട് അടഞ്ഞത്രേ.
ഏറ്റവും പ്രധാനം. ആംബുലന്‍സില്‍ രോഗി മാനഭംഗപ്പെടുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. എന്നാല്‍ ബൈക്കില്‍ അതിനുള്ള അവസരമില്ല. ആളിന്റെ ജീവനും മാനവും സംരക്ഷിക്കപ്പെടും.
ബഹുമാനിക്കാന്‍ പഠിക്കെടോ.
(മൂന്നു നേരം ഓരോന്ന് വീതം വിഴുങ്ങാനുള്ള ക്യാപ്‌സൂള്‍)

