തിരുവനന്തപുരം: ഫെബ്രുവരി മാസത്തെ സാമൂഹ്യസുരക്ഷയും ക്ഷേമനിധി പെന്‍ഷനുകളും ഫെബ്രുവരി 25 മുതല്‍ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ 1,050 കോടി രൂപ അനുവദിച്ചതായും മന്ത്രി വ്യക്തമാക്കി. ഏകദേശം 62 ലക്ഷം ഗുണഭോക്താക്കള്‍ക്ക് 2,000 രൂപ വീതം പെന്‍ഷന്‍ ലഭിക്കും. ഇതില്‍ 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക നേരിട്ട് ക്രെഡിറ്റ് ചെയ്യുകയും ശേഷിക്കുന്നവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി വിതരണം നടത്തുകയും ചെയ്യും. ക്ഷേമനിധി അംഗങ്ങള്‍ക്കുള്ള പെന്‍ഷന്‍ അതാത് ക്ഷേമബോര്‍ഡുകള്‍ വഴിയാണ് നല്‍കുക.
ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട 8.46 ലക്ഷം ഗുണഭോക്താക്കള്‍ക്കുള്ള കേന്ദ്ര വിഹിതം കേന്ദ്ര സര്‍ക്കാര്‍ നല്‍കേണ്ടതാണ്. എന്നാല്‍ ഈ വിഹിതം കൃത്യസമയത്ത് ലഭിക്കാത്ത സാഹചര്യത്തില്‍ 24.21 കോടി രൂപ സംസ്ഥാനം മുന്‍കൂര്‍ അടിസ്ഥാനത്തില്‍ അനുവദിച്ചിരിക്കുകയാണ്. കേന്ദ്രത്തിന്റെ പിഎഫ്എംഎസ് സംവിധാനത്തിലൂടെ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് ഈ തുക ക്രെഡിറ്റ് ചെയ്യുക.