സോഷ്യല്‍ മീഡിയ നിരോധനം; നേപ്പാളിലെ സമരത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 19 ആയി, ആഭ്യന്തരമന്ത്രി രാജിവെച്ചു

ആഭ്യന്തര മന്ത്രി രമേശ് ലെഖാക് ആണ് രാജിവെച്ചത്

Update: 2025-09-08 17:19 GMT

കാഠ്മണ്ഡു: നേപ്പാളില്‍ സോഷ്യല്‍ മീഡിയ നിരോധനത്തിനെതിരായ സമരത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 19 ആയി. ഇതിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് നേപ്പാള്‍ ആഭ്യന്തര മന്ത്രി രമേശ് ലെഖാക് രാജിവെച്ചു. രാജ്യ സുരക്ഷയുടെ പേരു പറഞ്ഞ് സാമൂഹിക മാധ്യമങ്ങള്‍ കൂട്ടത്തോടെ നിരോധിച്ചതോടെയാണ് യുവാക്കള്‍ തെരുവിലിറങ്ങിയത്. സമരക്കാര്‍ക്കു നേരെയുണ്ടായ പോലിസ് വെടിവയ്പ്പിലാണ് 19 പേര്‍ കൊല്ലപ്പെട്ടത്. നൂറിലധികം പേര്‍ക്കു പരിക്കേറ്റു. സമരം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിച്ചതോടെ സമരക്കാരെ നേരിടാന്‍ സൈന്യത്തെ വിന്യസിച്ചു. നേപ്പാള്‍ പാര്‍ലമെന്റിലേക്കു നടത്തിയ മാര്‍ച്ചാണ് സംഘര്‍ഷത്തിലേക്കും വെടിവയ്പ്പിലും കലാശിച്ചത്.

വാട്‌സ്ആപ്പ്, ഫേസ്ബുക്ക്, എക്‌സ്, ഇന്‍സ്റ്റാഗ്രാം, യൂട്യൂബ് തുടങ്ങി 26 സമൂഹ മാധ്യമ അക്കൗണ്ടുകളാണ് കഴിഞ്ഞ വ്യാഴാഴ്ച രാത്രി നേപ്പാള്‍ സര്‍ക്കാര്‍ നിരോധിച്ചത്. രാജ്യത്ത് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാത്ത സാമൂഹ്യ മാധ്യമങ്ങള്‍ പ്രവര്‍ത്തന രഹിതമാക്കുന്നതിന്റെ ഭാഗമാണിതെന്നു വിശദീകരിച്ചാണ് സര്‍ക്കാര്‍ നടപടി.

കഴിഞ്ഞ കുറേ നാളുകളായി സമൂഹമാധ്യമങ്ങള്‍ വഴി സര്‍ക്കാരിന്റെ അഴിമതിക്കെതിരെ പരിഹാസവും വിമര്‍ശനവും വ്യാപകമായി ഉയര്‍ന്നിരുന്നു. ഇതിനുപിന്നാലെയാണ് അധികാരികള്‍ രജിസ്‌ട്രേഷന്റെ പേരില്‍ സമൂഹമാധ്യമങ്ങളെ നിരോധിച്ചെന്നാണ് പ്രതിഷേധക്കാരുടെ വിമര്‍ശനം. ദേശീയഗാനം പാടിയും സംസാരിക്കാനുള്ള സ്വതന്ത്ര്യം വേണമെന്ന് ആവശ്യപ്പെട്ടും കാഠ്മണ്ഡു തെരുവകളില്‍ ആയിരക്കണക്കിനു പേരാണ് പ്രതിഷേധത്തിനിറങ്ങിയത്. പ്രതിഷേധം രൂക്ഷമായതോടെ കാഠ്മണ്ഡു ജില്ല ഭരണകൂടം നിരോധനാജ്ഞ വ്യാപിപ്പിച്ചിരുന്നു.

Tags: