വിസയും ശമ്പളവുമില്ലാതെ ഒമാനില്‍ കുടുങ്ങിയ മലയാളികള്‍ക്ക് താങ്ങായത് സോഷ്യൽ ഫോറം ഒമാൻ പ്രവര്‍ത്തകര്‍

Update: 2022-08-13 11:16 GMT

മസ്‌കത്: വിസയും ശമ്പളവുമില്ലാതെ ഒമാനില്‍ കുടുങ്ങിക്കിടന്ന രണ്ട് ആലപ്പുഴ സ്വദേശികള്‍ക്ക് തുണയായത് സോഷ്യല്‍ ഫോറം ഒമാന്റെ  പ്രവര്‍ത്തകര്‍. ഉഷ്ണകാലമായിട്ടും വാഹനസൗകര്യമോ ഭക്ഷണമോ നല്‍കാന്‍ കമ്പനി ഉടമ തയ്യാറായ സമയത്താണ് സോഷ്യല്‍ഫോറത്തിന്റെ ഇടപെടലുണ്ടായത്. ഇവരുടെ പൂര്‍ണ ഉത്തരവാദിത്തം സംഘടനാ പ്രവര്‍ത്തകര്‍ ഏറ്റെടുക്കുകയായിരുന്നു.

വിസിറ്റിങ് വിസയില്‍ നാട്ടില്‍ നിന്നും ഒരു സ്വകാര്യ കമ്പനിയിലേക്ക് ജോലിക്കെത്തിയ ആലപ്പുഴ സ്വദേശികളായ രണ്ട് യുവാക്കളാണ് ദുരിതത്തിലായത്. അഞ്ചു മാസമായി ശമ്പളമോ വിസയോ ലഭിക്കാതെ ഏറെ പ്രയാസപ്പെടുകയായിരുന്നു ഇവര്‍. കഠിനമായ ഉഷ്ണകാലത്തും വാഹന സൗകര്യമോ കൃത്യമായ ഭക്ഷണമോ നല്‍കുവാന്‍ കമ്പനി അധികാരികള്‍ തയ്യാറായില്ല. ദിവസവും പത്ത് കിലോമീറ്റര്‍ നടന്നാണ് ഇരുവരും ജോലിക്ക് പോയിക്കൊണ്ടിരുന്നത്. ഇവരുടെ ദുസ്സഹമായ അവസ്ഥ മനസ്സിലാക്കിയ പ്രവര്‍ത്തകര്‍ ഇവരെ ഏറ്റെടുക്കുകയായിരുന്നു.

കഴിഞ്ഞ ഒരു മാസമായി കമ്പനി അധികാരികളുമായി പ്രവര്‍ത്തകര്‍ ബന്ധപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ അഞ്ചു മാസത്തെ മുഴുവന്‍ ശമ്പളവും ടിക്കറ്റും മറ്റു ഇമിഗ്രേഷന്‍ പിഴയും കമ്പനി അധികാരികള്‍ അടച്ചു.

ഇരുവരെയും സോഷ്യല്‍ ഫോറം ഒമാന്‍ പ്രവര്‍ത്തകന്‍ റാമിസ് അലിയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച, പുലര്‍ച്ചെ നാട്ടിലേക്ക് സുരക്ഷിതരായി യാത്ര അയച്ചു.

Tags:    

Similar News