സോഷ്യല്‍ ഫോറത്തിന്റെ ഇടപെടല്‍: രഘുനാഥന്‍ നാട്ടിലേക്ക് മടങ്ങി

നാട്ടില്‍ പോകുന്നതിന് ആവശ്യമായ മറ്റു സഹായങ്ങളും നല്‍കിയാണ് രഘുനാഥനെ സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍ യാത്രയാക്കിയത്.

Update: 2020-08-30 09:43 GMT

സീബ് : കോവിഡ് പ്രതിസന്ധിമൂലം തൊഴില്‍ നഷ്ടപ്പെട്ടു ആറുമാസമായി ജോലിയില്ലാതെയും ഭാഗികമായി ശരീരം തളര്‍ന്നും പ്രയാസത്തിലായിരുന്ന കൊല്ലം സ്വദേശി രഘുനാഥന്‍ സോഷ്യല്‍ ഫോറം ഒമാന്‍ സീബ് ഏരിയ പ്രവര്‍ത്തകരുടെ ഇടപെടലിലൂടെ സ്വദേശത്തേക്ക് മടങ്ങി.

ഫ്രീ വിസായില്‍ ദിവസവേതനത്തിന് തൊഴിലെടുത്തു ജീവിതം മുന്നോട്ട് നീക്കിയിരുന്ന രഘുനാഥന് ലോക്ക്‌ഡൌണ്‍ പ്രഖ്യാപിച്ചതു മുതല്‍ ജോലി നഷ്ടപ്പെട്ടിരുന്നു. ജോലി ഇല്ലാത്തതിനാല്‍ 4 മാസമായി കാലാവധി കഴിഞ്ഞ വിസ പുതുക്കാനും സാധിച്ചില്ല . സുഹൃത്തുക്കളുടെയും മറ്റും സഹായം കൊണ്ട് ദൈനം ദിന ചിലവുകള്‍ കഴിഞ്ഞു പോകുമ്പോഴാണ് ശരീരത്തിലെ തോള്‍ ഭാഗത്തേ ചലനശേഷി നഷ്ടപ്പെട്ടു തുടങ്ങിയത്.

ജോലി നഷ്ട്ടപ്പെട്ടതിനാലും ചികിത്സയ്ക്ക് പണമില്ലാത്തതിനാലും നന്നേ ബുദ്ധിമുട്ട് അനുഭവിക്കുന്ന രഘുനാഥന്റെ വിഷയം ലോക്ക് ഡൗണ്‍ സമയത്ത് സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍ വിതരണം ചെയ്ത ഭക്ഷണ കിറ്റ് ലഭിച്ച വീട്ടമ്മയാണ് സോഷ്യല്‍ ഫോറം ഒമാന്‍ സീബ് ഏരിയ ഭാരവാഹിയെ വിളിച്ച് അറിയിക്കുന്നത്.

സോഷ്യല്‍ ഫോറം പ്രവര്‍ത്തകരായ ഷമീര്‍ മബേല, സയ്യദ് അലി, ഷംസുദീന്‍, നാസര്‍ കടമേരി തുടങ്ങിയവര്‍ വിഷയത്തില്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തി തുടര്‍ ചികിത്സയ്ക്ക് നാട്ടിലേക്ക് അയക്കുന്നതാണ് ഉചിതമെന്ന് മനസ്സിലാക്കി രഘുനാഥന്‌  ടിക്കറ്റിനുള്ള പണം നല്‍കി. വിസയുടെ ഫൈന്‍, ഉള്‍പ്പെടെയുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കും രമ്യമായ പരിഹാരം കാണുകയും ചെയ്തു.

നാട്ടില്‍ പോകുന്നതിന് ആവശ്യമായ മറ്റു സഹായങ്ങളും നല്‍കിയാണ് രഘുനാഥനെ സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍ യാത്രയാക്കിയത്. വെള്ളിയാഴ്ച നാട്ടില്‍ എത്തിയ രഘുനാഥന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരെ വിളിച്ച് നന്ദി അറിയിച്ചു. 

Tags:    

Similar News