അനുപമയുടെ സമരത്തിന് പിന്തുണയര്‍പ്പിച്ച് സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തകര്‍

Update: 2021-11-12 16:06 GMT

തിരുവനന്തപുരം: സ്വന്തം കുഞ്ഞിനെ തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് അനുപമ നടത്തുന്ന സമരത്തിന് പിന്തുണയര്‍പ്പിച്ച് സാമൂഹിക, സാസ്‌കാരിക പ്രവര്‍ത്തകര്‍. കുഞ്ഞിന്റെ സംരക്ഷണം ഉറപ്പുവരുത്തണമെന്നും കുഞ്ഞിനെ നിയമ വിരുദ്ധമായി കൈമാറാന്‍ കൂട്ടുനിന്ന മുഴുവന്‍ പേര്‍ക്കെതിരേയും നടപടിയെടുക്കണമെന്നും ബിആര്‍പി ഭാസ്‌കര്‍, കെ സച്ചിദാനന്ദന്‍, കെ അജിത, ഡോ. ജെ ദേവിക, എന്‍ പി ചെക്കുട്ടി, പ്രഫ. ബി രാജീവന്‍, പി ഇ ഉഷ, വി പി സുഹ്‌റ, സി എസ് രാജേഷ്, റെനി ഐലിന്‍, ഗോമതി പെമ്പിളൈ ഒരുമൈ തുടങ്ങി അമ്പതോളം പേര്‍ ഒപ്പുവച്ച പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

അനുപമ തന്റെ കുഞ്ഞിനെ അന്വേഷിച്ചലയാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് കുടുംബകോടതിയില്‍ സമര്‍പ്പിച്ച പരാതിയിന്മേല്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാല്‍ അതില്‍ കുറ്റാരോപിതരായ സ്ഥാപനങ്ങള്‍ തന്നെയാണ് നടപടിയെടുക്കേണ്ടത്. ഇതുവരെയും കുറ്റാരോപിതരെ പുറത്താക്കിയിട്ടില്ല, മാറ്റി നിര്‍ത്തിയിട്ടു പോലുമില്ല. കൂടാതെ ദത്തു നല്‍കി എന്ന് പറയപ്പെടുന്ന കുഞ്ഞിനെ തര്‍ക്കമുണ്ടായിട്ടും ശിശു ക്ഷേമ സമിതി നിയമ വിരുദ്ധമായി നല്‍കിയ ലീഗലി ഫ്രീ ഫോര്‍ അഡോപ്ക്ഷന്‍ സര്‍ട്ടിഫിക്കറ്റ് റദ്ദ് ചെയ്ത് കുഞ്ഞിനെ ഏറ്റെടുത്തു കാണുന്നില്ല. ഈ സാഹചര്യത്തില്‍ അനുപമ കുഞ്ഞിന്റെ സംരക്ഷണം ഉറപ്പുവരുത്താനും കുറ്റാരോപിതരെ പുറത്താക്കാനും വേണ്ടി സമരത്തിനിറങ്ങാന്‍ നിര്‍ബന്ധിതയായിരിക്കുകയാണെന്നും അനുപമയോടൊപ്പം നില്‍ക്കുക എന്നത് നിയമത്തില്‍ വിശ്വസിക്കുന്ന ഓരോരുത്തരുടെയും കടമയാണെന്നും പ്രസ്താവനയില്‍ പറയുന്നു. അനുപമയുടെ ആവശ്യങ്ങള്‍ നിര്‍വ്വഹിച്ചു കൊടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Tags: