മുസ് ലിംകളെ സാമ്പത്തികമായി ബഹിഷ്‌കരിക്കണമെന്ന ആഹ്വാനം; രൂക്ഷ വിമര്‍ശനവുമായി സാമൂഹ്യ പ്രവര്‍ത്തകര്‍

Update: 2025-12-20 07:42 GMT

ഷിംല:  മുസ് ലിംകളെ സാമ്പത്തികമായി ബഹിഷ്‌കരിക്കണമെന്ന ബജ്‌റംങ്ദള്‍ പ്രവര്‍ത്തകരുടെ ആഹ്വാനത്തിനെതിരേ വ്യാപക വിമര്‍ശനങ്ങളാണുയരുന്നത്. പ്രസ്താവന വേദനാജനകവും അപകടകരവുമാണെന്ന് ആളുകള്‍ പറഞ്ഞു. ഒരു പ്രാദേശിക കടയുടമ പറഞ്ഞത്'ഞങ്ങള്‍ സത്യസന്ധതയോടെയാണ് ഉപജീവനം കണ്ടെത്തുന്നത്. എല്ലാ മുസ് ലിംകളെയും വൃത്തികെട്ടവരോ സത്യസന്ധരല്ലാത്തവരോ ആയി ചിത്രീകരിക്കുന്നത് ക്രൂരവും അന്യായവുമാണ്' എന്നാണ്.

സഞ്ജൗലിയില്‍ നിന്നുള്ള ഒരു മുസ് ലിം യുവാവ് പറഞ്ഞത് 'ഇത്തരം വാക്കുകള്‍ വെറുപ്പും ഭയവും പ്രചരിപ്പിക്കുന്നു. ഞങ്ങള്‍ വര്‍ഷങ്ങളായി ഇവിടെ സമാധാനത്തോടെ ജീവിച്ചു. പെട്ടെന്ന് ആളുകള്‍ ഞങ്ങളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങരുതെന്ന് പറയുന്നു' എന്നാണ്.

ഇത്തരം പ്രസ്താവനകള്‍ ഭരണഘടനയുടെ ആത്മാവിന് എതിരാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകരും സാമൂഹ്യ പ്രവര്‍ത്തകരും പറയുന്നു. മതത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക ബഹിഷ്‌കരണം ഒരുതരം ശിക്ഷയാണെന്നും ചെറുകിട വ്യാപാരത്തെ ആശ്രയിച്ച് ജീവിക്കുന്ന സാധാരണ കുടുംബങ്ങളെയാണ് ഇത് ലക്ഷ്യമിടുന്നതെന്നും അവര്‍ വ്യക്തമാക്കി.

ഷിംലയിലെ സഞ്ജൗലിയില്‍ നിന്നുള്ള വീഡിയോയിലാണ് മുസ് ലിംകളില്‍ നിന്ന് സാധനങ്ങളോ സേവനങ്ങളോ വാങ്ങരുതെന്ന് ഒരു ഹിന്ദു സംഘം ആളുകളോട് ആവശ്യപ്പെടുന്നത്. സഞ്ജൗലി പള്ളി വിഷയത്തില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സമയത്ത്, ഡിസംബര്‍ 13 ന് ദേവ് ഭൂമി സംഘര്‍ഷ് സമിതിയും മറ്റ് ഹിന്ദു സംഘടനകളും ചേര്‍ന്ന് നടത്തിയ യോഗത്തിലാണ് ഇത്തരം പ്രസ്താവന വന്നത്. ഇതോടെ, വിവാദ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയായിരുന്നു.

Tags: