പാലത്തായി കുരുന്നിന്റെ നീതിക്ക് വേണ്ടി സാമൂഹികപ്രവര്‍ത്തകര്‍ ഇന്ന് ഫെയ്‌സ് ബുക്ക് ലൈവില്‍ പ്രതിഷേധിക്കുന്നു

Update: 2020-07-25 01:29 GMT

കോഴിക്കോട്: പാലത്തായിയില്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച ബി.ജെ.പി.നേതാവ് പത്മരാജനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരേ ഇന്ന് സാമൂഹികപ്രവര്‍ത്തകര്‍ ഫെയ്‌സ്ബുക്ക് ലൈവില്‍ പ്രതിഷേധിക്കുന്നു. ഇന്ന് രാവിലെ 10 മണി മുതല്‍ രാത്രി 10 മണി വരെയുള്ള സമയത്താണ് വിവിധ രംഗത്തുള്ളവര്‍ പ്രതിഷേധവുമായി ഫെയ്‌സ്ബുക്ക് ലൈവില്‍ വരിക.

പാലത്തായി കേസില്‍ നേരത്തെ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പോക്‌സോ ചേര്‍ത്തിരുന്നില്ല. അതുകൊണ്ടുതന്നെ പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചു. ശരിയായി അന്വേഷണം നടത്താതെ പ്രതിയുടെ കൂടെ നില്‍ക്കുന്ന നിലപാടാണ് ക്രൈംബ്രാഞ്ച് സ്വീകരിച്ചത് എന്ന ആരോപണം ഉയര്‍ന്ന പശ്ചാത്തലം ഇതാണ്. അതിനു പുറമെ ഐജി. എസ്. ശ്രീജിത്ത് മറ്റൊരാളുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ കുട്ടിയുടെ രഹസ്യമൊഴിയും സാക്ഷിയുടെ പേരും പുറത്തുവിട്ടത് ഗുരുതരമായ നിയമലംഘനമാണെന്നും ചൂണ്ടിക്കാട്ടപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പ്രതിഷേധങ്ങള്‍ ശക്തമായത്.

ഐ.ജി.ശ്രീജിത്തിനെ അന്വേഷണത്തില്‍ നിന്നു മാറ്റി വകുപ്പുതല നടപടിയെടുക്കുക, കുറ്റപത്രത്തില്‍ പോക്‌സോ വകുപ്പ് ചേര്‍ക്കുക, ചൈല്‍ഡ് വെര്‍ഫെയര്‍ കമ്മറ്റിയുടെ മേല്‍നോട്ടത്തില്‍ കേസ് അന്വേഷിക്കുക, വനിതാ ഐ.പി.എസ് ഓഫീസര്‍ക്ക് പുനഃരന്വേഷണ ചുമതല നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ മുന്നോട്ടുവച്ച് ആര്‍ക്കും അവരവരുടെ ഫെയിസ് ബുക്ക് ലൈവില്‍ വന്ന് പ്രതിഷേധിക്കാം.  

Tags:    

Similar News