ന്യൂഡല്‍ഹി: രാജ്യത്ത് വിതരണം ചെയ്ത വാക്‌സിന്‍ ഡോസിന്റെ എണ്ണം 87 കോടി കടന്നതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
ഇതുവരെ രാജ്യത്ത് 87,61,89,412 ഡോസ് വാക്‌സിന്‍ വിതരണം ചെയ്തു. 49 ലക്ഷം ഡോസ് വാക്‌സിന്‍(49,45,169) 24 മണിക്കൂറിനുള്ളില്‍ വിതരണം ചെയ്തു. വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള കണക്കുകള്‍ അപ് ലോഡ് ചെയ്യുന്നത് പൂര്‍ത്തിയായാല്‍ ഇത് ഇനിയും ഉയരും.
രാജ്യത്ത് ഇതുവരെ 64,25,70,102 പേര്‍ ആദ്യ ഡോസ് വാക്‌സിനും 23,36,19,310 പേര്‍ രണ്ടാം ഡോസ് സ്വീകരിച്ചു.
വാക്‌സിന്‍ എല്ലാവര്‍ക്കും സൗജന്യമായി നല്‍കാന്‍ തീരുമാനിച്ചത് ജൂണ്‍ 21ാം തിയ്യതിയാണ്.
രാജ്യത്ത് ഉല്‍പ്പാദിപ്പിക്കുന്ന വാക്‌സിന്റെ 75 ശതമാനം സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നേരിട്ട് നല്‍കും.
ഉല്‍സവ കാലം വരുന്ന സാഹചര്യത്തില്‍ കൊവിഡ് വ്യാപനം വര്‍ധിക്കാതെ നോക്കണമെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല സംസ്ഥാനങ്ങള്‍ക്ക് കത്തെഴുതിയിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 18,795 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 20,000ത്തില്‍ താഴെ പേര്‍ക്ക് കൊവിഡ് വ്യാപനം സ്ഥിരീകരിക്കുന്നത് ഇത് തുടര്‍ച്ചയായി 201ാം ദിവസമാണ്. ആകെ രോഗബാധിതരില്‍ ഭൂരിഭാഗവും ഇപ്പോള്‍ കേരളത്തില്‍ നിന്നാണ് റിപോര്‍ട്ട് ചെയ്യുന്നത്, 11,699 പേര്‍ക്കാണ് ഇന്നലെ കേരളത്തിലെ കൊവിഡ് ബാധിതരുടെ എണ്ണം.
