ന്യൂജേഴ്‌സി: അമേരിക്കന്‍ വിമാനത്തിലെ ബിസിനസ് ക്ലാസില്‍ പാമ്പിനെ കണ്ടെത്തിയത് യാത്രക്കാരെ പരിഭ്രാന്തിയിലാക്കി. ഫ്‌ളോറിഡയിലെ ടാംപ സിറ്റിയില്‍ നിന്ന് ന്യൂജേഴ്‌സിയിലേക്ക് പോയ വിമാനത്തിലാണ് അപ്രതീക്ഷിതമായി പാമ്പിനെ കണ്ടത്. എയര്‍പോര്‍ട്ടിലെ വൈല്‍ഡ് ലൈഫ് ഓപറേഷന്‍സ് സ്റ്റാഫും പോര്‍ട്ട് അതോറിറ്റി പോലിസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫിസര്‍മാരും ചേര്‍ന്ന് പമ്പിനെ നീക്കം ചെയ്തതായി പോര്‍ട്ട് അതോറിറ്റി ഓഫ് ന്യൂയോര്‍ക്ക് ആന്റ് ന്യൂജേഴ്‌സി പ്രസ്താവനയില്‍ പറഞ്ഞു.
പിടികൂടിയ പാമ്പിനെ കാട്ടില്‍ തുറന്നുവിട്ടു. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും വിമാന സര്‍വീസിനെ ബാധിച്ചിട്ടില്ലെന്നും പ്രസ്താവന വ്യക്തമാക്കുന്നു. വിമാനം ലാന്‍ഡ് ചെയ്തതിന് ശേഷമാണ് പാമ്പിനെ കണ്ടത്. ഉടന്‍ യാത്രക്കാര്‍ നിലവിളിക്കുകയും ജീവനക്കാരെ വിവരം അറിയിച്ചു. ഇവര്‍ നെവാര്‍ക്ക് ലിബര്‍ട്ടി ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടിലെ തൊഴിലാളികളെ സഹായത്തിന് വിളിച്ചു. സ്ഥിതിഗതികള്‍ കൈകാര്യം ചെയ്യാന്‍ ബന്ധപ്പെട്ട അധികാരികളെ ബന്ധപ്പെട്ടതായും യുനൈറ്റഡ് ഫ് ളൈറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
പാമ്പിനെ നീക്കം ചെയ്ത ശേഷമാണ് യാത്രക്കാര്‍ ബാഗേജുകളുമായി ഇറങ്ങിയത്. സാധാരണ ഗാര്‍ട്ടര്‍ പാമ്പ് എല്ലാ ഫ്‌ലോറിഡ കൗണ്ടിയിലും കാണപ്പെടുന്നു. ഇത് വിഷമുള്ളതോ മനുഷ്യരെ ആക്രമിക്കുന്നതോ അല്ലെന്നാണ് പറയുന്നത്. ന്യൂജേഴ്‌സിയിലും ഗാര്‍ട്ടര്‍ പാമ്പുകള്‍ സാധാരണമാണെന്ന് സംസ്ഥാനം പ്രസിദ്ധീകരിച്ച 'സ്‌നേക്ക്‌സ് ഓഫ് ന്യൂജേഴ്‌സി' ലഘുലേഖ ഉദ്ധരിച്ച് വാഷിങ്ടണ്‍ ടൈംസ് റിപോര്‍ട്ട് ചെയ്തു.