സൗദി കേരള ഫാര്‍മസിസ്റ്റ് ഫോറത്തിന്റെ ഭാഗമായി ഹജ്ജ് 2024 മെഡിസിനല്‍ ഇന്‍ഫര്‍മേഷന്‍ ഡെസ്‌കിന്റെ പ്രവര്‍ത്തനം ഇ ടി മുഹമ്മദ് ബഷീര്‍ എം പി ഉദ്ഘാടനം ചെയ്തു. ഹജ്ജ് തീര്‍ത്ഥാടനത്തിനായി സൗദിയില്‍ വരുന്ന ആരോഗ്യ പ്രശ്‌നങ്ങളുള്ള ഹാജിമാര്‍ക്ക് അവരുപയോഗിക്കുന്ന മരുന്നുകളുടെ സൗദിയിലെ ലഭ്യത, മരുന്ന് കൊണ്ടുവരുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, അളവ് തുടങ്ങി മരുന്നുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളെ കുറിച്ചുമുള്ള സംശയ നിവാരണത്തിനായി രൂപപ്പെടുത്തിയതാണ് ഈ പദ്ധതി.
കഴിഞ്ഞ വര്‍ഷങ്ങളിലും നൂറുക്കണക്കിന് ഹാജിമാര്‍ക്ക് സഹായകമായ ഈ പദ്ധതി സൗദി കേരള ഫാര്‍മസിസ്റ്റ് ഫോറത്തിന്റെ സാമൂഹിക ഇടപെടലുകളുടെ ഭാഗമായിട്ടുള്ളതാണ്. ചടങ്ങില്‍ ഫോറം ജനറല്‍ സെക്രട്ടറി ഷിഹാബുദീന്‍ കൂളാപറമ്പില്‍, മുന്‍ മക്ക എസ് കെ പി എഫ് കോ ഓര്‍ഡിനേറ്റര്‍ അന്‍വര്‍, സൗദി കെഎംസിസി ഹജ്ജ് സെല്‍ നാഷണല്‍ കണ്‍വീനര്‍ മുജീബ് പൂക്കോട്ടൂര്‍, മറ്റു കെഎംസിസി ഭാരവാഹികളായ മുസ്തഫ മലയില്‍, ഇസുദീന്‍ ആലുങ്കല്‍, എം സി നാസര്‍ എന്നിവര്‍ സംബന്ധിച്ചു.